പന്തളം: പുതുവർഷത്തിൽ കെസ്മാർട്ട് സംവിധാനം നിലവിൽ വരുന്നതോടെ പന്തളം നഗരസഭ ഡിജിറ്റലാകും. ഇതിനാവശ്യമായ സോഫ്റ്റ് വെയർ വിന്യാസം ഉൾപ്പടെയുള്ള ക്രമീകരണങ്ങൾ നഗരസഭയിൽ ഏർപ്പെടുത്തി. ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച ആപ്ലിക്കേഷനായ കേരള സൊല്യൂഷൻ ഫോർ മനേജിംഗ് അഡ്മിനിട്‌സ്‌ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻസ്‌ഫോർമേഷൻ (കെസ്മാർട്ട്) സംവിധാനമാണ് ഇതിനായി വിന്യസിക്കുന്നത്. പൊതുജനങ്ങൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനും സേവനം ലഭിക്കുന്നതിനുമായി സിറ്റിസൺ ലോഗിൻ, അക്ഷയ കേന്ദ്രങ്ങൾ പോലുള്ള സ്ഥാപനങ്ങൾക്കായി ഓർഗനൈസേഷൻ ലോഗിൻ, ഫയലുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്കായി എംപ്ലോയീ ലോഗിൻ എന്നിവയിലൂടെ പ്രവേശിക്കാം.
ആദ്യ ഘട്ടത്തിൽ ജനന മരണ വിവാഹ സർട്ടിഫിക്കറ്റുകൾ, കെട്ടിടനിർമ്മാണ പെർമിറ്റ്, കെട്ടിടനികുതി ഒടുക്കൽ, സ്ഥിര താമസ സർട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, വ്യാപാര ലൈസൻസുകൾ തുടങ്ങിയ സേവനങ്ങളാണ് ലഭ്യമാക്കുക. ഘട്ടം, ഘട്ടമായി പൂർണ്ണമായും ഇസേവനങ്ങൾ നടപ്പിലാക്കി കടലാസ് രഹിത സ്മാർട്ട് ഓഫീസാക്കാനാണ് ലക്ഷ്യമിടുന്നത്.പൊതുജനങ്ങൾ നൽകുന്ന അപേക്ഷയുടെ വിവരങ്ങളും, പുരോഗതിയും വാട്‌സപ്പിലൂടെയും ലഭിക്കും.
മൊബൈൽ ആപ്പ് വഴിയായി വിവിധ നികുതികൾ നഗരസഭയിൽ ഒടുക്കുവാൻ കഴിയും. പന്തളം നഗരസഭയിലെ എല്ലാ കെട്ടിടങ്ങളുടെയും ഡിജിറ്റൽ വിവരങ്ങൾ പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളും ഇതിനോടൊപ്പം നടന്നു കഴിഞ്ഞു.
ഫ്രണ്ട് ഓഫീസ് ഇനി ഇല്ല
ഈ സംവിധാനം നിലവിൽ വരുന്നതോടെ നഗരസഭയിലെ ഫ്രണ്ട്ഓഫീസ് സംവിധാനം നിറുത്തലാകും. എന്നാൽ പൊതുജനങ്ങൾക്ക് തുടക്കത്തിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും ഒരു മാസം നഗരസഭയിൽ പ്രത്യേകം ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തിക്കും.
നികുതി ഇനത്തിൽ വർദ്ധനവ്
ഡോർ ലോക്കായി കിടന്നിരുന്ന കെട്ടിടങ്ങൾ സംബന്ധിച്ചും യു.എ നമ്പർ നൽകിയ കെട്ടിടങ്ങൾ സംബന്ധിച്ചും വിവരങ്ങൾ ആയവയ്ക്കുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്ന മുറയ്ക്ക് അപ്ലോഡ് ചെയ്യുന്നതാണ്.നികുതി പിരിവിലും ഇത്തവണ വർദ്ധനവുണ്ടായിട്ടുണ്ട്. 1 കോടി രൂപയോളം നാളിതുവരെ നികുതിയിനത്തിൽ ലഭിച്ചിട്ടുണ്ട്. അതും റെക്കാഡാണ്.
.......................
1. 33 വാർഡുകളിലും കെട്ടിങ്ങൾക്ക് നമ്പർ നൽകി വിവരങ്ങൾ ശേഖരിച്ചു
2. 16124 കെട്ടിടങ്ങളെ സംബന്ധിച്ച വിവരങ്ങൾ ഓൺലൈനാക്കി