
പത്തനംതിട്ട: പട്ടാപ്പകൽ വ്യാപാരിയെ കടയ്ക്കുള്ളിൽ കൊലപ്പെടുത്തി സ്വർണമാലയും പണവും കവർന്നു. മൈലപ്ര പുതുവേലിൽ ജോർജ് ഉണ്ണൂണ്ണിയാണ് (73) കൊല്ലപ്പെട്ടത്. ആറു പവന്റെ മാലയും കടയിൽ ഉണ്ടായിരുന്ന പണവും കവർന്നു. സി.സി.ടി.വിയും ഹാർഡ് ഡിസ്‌കും നഷ്ടപ്പെട്ടിട്ടുണ്ട്.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനും ആറിനുമിടയിലാണ് സംഭവമെന്ന് കരുതുന്നു. മൈലപ്ര പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ മലഞ്ചരക്കും കാർഷിക ഉപകരണങ്ങളും വിൽക്കുന്ന ജോർജിന്റെ പുതുവേലിൽ സ്‌റ്റോഴ്സിലായിരുന്നു കൊലപാതകം . ജോർജിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ചെറുമകൻ വൈകിട്ട് അഞ്ചരയോടെ എത്തിയപ്പോഴാണ് കൈകാലുകൾ കെട്ടി വായിൽ തുണി തിരുകിയ നിലയിൽ മൃതദേഹം കിടക്കുന്നത് കണ്ടത്. കഴുത്ത് ഞെരിച്ച് കൊന്നെന്നാണ് പത്തനംതിട്ട പൊലീസിന്റെ പ്രാഥമിക നിഗമനം.
പുനലൂർ - മൂവാറ്റുപുഴ റോഡരികിൽ ജോർജിന്റെ സ്വന്തം കെട്ടിടത്തിലാണ് കട . ഉച്ചവെയിലിന് മറയായി കടയുടെ മുന്നിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയിരുന്നു. ഈ സമയം കടയിലുള്ളവരെ സമീപത്തുള്ളവർക്ക് പെട്ടന്ന് അറിയാൻ കഴിയാത്ത സാഹചര്യം മനസിലാക്കിയാണ് കവർച്ചാ സംഘം എത്തിയതെന്ന് കരുതുന്നു.
ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ദ്ധരും പരിശോധന നടത്തി. ഭാര്യ അന്നമ്മ. മക്കൾ: സുരേഷ് ജോർജ്, ഷാജി ജോർജ് (സെക്രട്ടറി, മൈലപ്ര സർവീസ് സഹകരണ ബാങ്ക്)