 
ഇലവുംതിട്ട : ഓൺലൈൻ റമ്മി കളിച്ചുണ്ടായ കടം വീട്ടാൻ വൃദ്ധയുടെ മാല കവർന്ന യുവാവ് അറസ്റ്റിൽ. വട്ടയം പാനുകാലായിൽ വാടകയ്ക്ക് താമസിക്കുന്ന പാല ഭരണങ്ങാനം പ്രവിത്താനം കുറ്റിക്കാട്ടിൽ വീട്ടിൽ അമൽ അഗസ്റ്റിനെ (24) യാണ് ഇലവുംതിട്ട എസ്.എച്ച്.ഒ ടി.കെ.വിനോദ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്. കഴിഞ്ഞ 23ന് ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെയായിരുന്നു കവർച്ച. ഓൺലൈൻ റമ്മിയിലൂടെ ഉണ്ടായ മൂന്നര ലക്ഷത്തിന്റെ ബാദ്ധ്യത തീർക്കാൻ മോഷണം നടത്തുകയായിരുന്നു. സ്ത്രീകൾ തനിച്ച് താമസിക്കുന്ന വീട് നോക്കി ഇറങ്ങിയ യുവാവ് നെടിയകാല താന്നിമൂട്ടിൽ വീട്ടിൽ 87 വയസുള്ള സരസമ്മയെ ലക്ഷ്യംവച്ചു. ചാരിയിട്ടിരുന്ന വാതിൽ തുറന്ന് അകത്ത് കടന്ന അമൽ കട്ടിലിൽ കിടന്ന സരസമ്മയുടെ കഴുത്തിന് പിടിച്ചു. പിടിവലിയിൽ നിലത്ത് വീണ വൃദ്ധയുടെ മാല പൊട്ടിച്ചെടുത്ത് സ്‌കൂട്ടറിൽ കടന്നുകളയുകയായിരുന്നു. ഹെൽമെറ്റും മാസ്‌ക്കും ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. പ്ലെഷർ സ്‌കൂട്ടറിന്റെ ദൃശ്യം സി.സി.ടി.വിയിൽ നിന്ന് ശേഖരിച്ച് പൊലീസ് തെരച്ചിൽ നടത്തി. ശനിയാഴ്ച്ച രാത്രി വാടക വീട് വളഞ്ഞു യുവാവിനെ പിടികൂടുകയായിരുന്നു. റമ്മികളിയിലൂടെ ഉണ്ടായ കടം വീട്ടാൻ മോഷണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുമ്പ് പിതാവ് അഗസ്റ്റിന്റെ 25,000 രൂപയും ഒരു വീടിന്റെ ഓട് പൊളിച്ചിറങ്ങി 35,000 രൂപയും മോഷ്ടിച്ചതായും ഈയാൾ പൊലീസിനോട് സമ്മതിച്ചു. കല്ലിശേരിയിലെ സ്വകാര്യ പണമിടപാട് കേന്ദ്രത്തിൽ 20,000 രൂപയ്ക്ക് പണയംവച്ച മാല കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ അനിൽ കുമാർ, സീനിയർ സി.പിഓമാരായ സന്തോഷ്, ധനൂപ്, വിപിൻ, ഡിവൈ.എസ്.പിയുടെ ഷാഡോ സംഘത്തിലെ അംഗങ്ങളായ ഷെഹീക്, അരുൺ, പ്രശോഭ്, ശിവസുതൻ, സുരേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.