kada

പത്തനംതിട്ട : മൈലപ്രായിൽ വ്യാപാരിയെ പട്ടാപ്പകൽ കഴുത്ത് ഞെരിച്ച് കൊന്ന് സ്വർണവും പണവും കവർന്ന കേസിൽ പ്രതികളെ കണ്ടെത്താൻ പത്തനംതിട്ട ഡിവൈ.എസ്.പി നന്ദകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. പത്തനംതിട്ട, ആറൻമുള, വെച്ചൂച്ചിറ സി.എെമാരും എസ്.എെമാരും സംഘത്തിലുണ്ട്. മൈലപ്ര പുതുവേലിൽ ജോർജ് ഉണ്ണൂണ്ണിയെ (73) ആണ് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കടയിൽ വച്ച് കൊലപ്പെടുത്തിയത്. വായിൽ തുണിത്തിരുകിയും കൈകാലുകൾ കെട്ടിയിട്ട നിലയിലുമാണ് മൃതദേഹം ചെറുമകൻ കണ്ടത്. ഇന്നലെ രാവിലെയാണ് മൃതദേഹം കടയിൽ നിന്ന് മാറ്റിയത്. ഫോറൻസിക്, വിരലടയാള വിഭാഗം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊലീസ് നായ മണം പിടിച്ച് മൈലപ്ര പള്ളിക്ക് സമീപത്തെ ബസ് സ്റ്റോപ്പ് വരെയെത്തി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബുധനാഴ്ച മൈലപ്രാ സെന്റ് ജോർജ് ഒാർത്തഡോക്സ് വലിയ പള്ളിയിൽ സംസ്കരിക്കും.

സി.സി.ടി.വികൾ പരിശോധിക്കുന്നു

ജോർജിന്റെ കൈകാലുകൾ കെട്ടിയിട്ടും വായിൽ തുണി തിരുകിയും നടത്തിയ കവർച്ചയിൽ ഒന്നിലധികം പേരുണ്ടായിരുന്നുവെന്ന് പൊലീസ് നിഗമനം.

വൻ കവർച്ചകൾ നടത്തിയിട്ടുള്ള സംഘം ആസൂത്രിതമായാണ് ജോർജിന്റെ കടയിൽ കവർച്ചയ്ക്ക് കയറിയതെന്ന് കരുതുന്നു. മാലയും പണവും അപഹരിക്കുമ്പോൾ ചെറുത്തു നിന്ന ജോർജിനെ കെട്ടിയിട്ടും വായിൽ തുണി തിരുകിയും കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് നിഗമനം. കടയിലെ സി.സി.ടി.വിയും ഹാർഡ് ഡിസ്കും കവർച്ചാസംഘം കൊണ്ടുപോയി. സമീപത്തെ കടകളിലെയും റോഡിലെയും കാമറകൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

അന്യസംസ്ഥാന ക്യാമ്പുകളിൽ പരിശോധന

അന്വേഷണത്തിന്റെ ഭാഗമായി മൈലപ്രയിലും പരിസരങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലോഡ്ജുകളിലും വീടുകളിലും പൊലീസ് പരിശോധന നടത്തി. ജോർജിന്റെ വീടിനും കടയ്ക്കും സമീപത്തായി താമസിച്ചിരുന്ന അന്യ സംസ്ഥാനക്കാരിൽ ചിലരെ ആറ് മാസത്തോളമായി ഇൗ ഭാഗത്ത് കാണാനില്ല. അവരെ വാടകയ്ക്ക് താമസിപ്പിച്ചവരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു.

കെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ ജോലിചെയ്യുന്ന അന്യസംസ്ഥാനക്കാർ നിരീക്ഷണത്തിലാണ്. പൊലീസിനെ അറിയിക്കാതെ സ്ഥലം വിട്ടുപോകരുതെന്ന് നിർദേശം നൽകി.

മുൻപരിചയക്കാരോ ?

കൊലപാതകവും കവർച്ചയും നടത്തിയത് ജോർജ് ഉണ്ണൂണ്ണിയുമായി മുൻ പരിചയമുള്ളവരെന്ന സൂചന പൊലീസിന് ലഭിച്ചു. ജോർജ് കൈവശം പണം കൊണ്ടു നടക്കാറുണ്ടായിരുന്നുവെന്ന വിവരങ്ങളുണ്ട്. കടയിലെ വിറ്റുവരവ് പണം എപ്പോഴും കയ്യിലുണ്ടാകും. ഇതറിയാവുന്നവർ പണവും സ്വർണമാലയും കവരുക എന്ന ലക്ഷ്യത്തോടെ തിരക്കില്ലാത്ത സമയങ്ങളിൽ കടയിൽ കയറിയതാകാം. അടുത്തടുത്ത രണ്ടുമുറികളിലാണ് ജോർജ് കട നടത്തുന്നത്. മലഞ്ചരക്കും കാർഷിക ഉപകരണങ്ങളുമാണ് ഏറെയും. ഉച്ചവെയിലിന് മറയായി പച്ച പ്ളാസ്റ്റിക് ഷീറ്റ് കടയുടെ മുൻവശം കെട്ടാറുണ്ട്. ഇൗ സമയത്ത് കടയ്ക്കുള്ളിൽ ആരെങ്കിലും കയറിയാൽ പുറത്തുനിൽക്കുന്നവർക്ക് കാണാനാകില്ല. തിരക്കില്ലാത്ത ഉച്ചനേരം പ്രതികൾ തിരഞ്ഞെടുത്തത് ആസൂത്രിതമാണെന്ന് പൊലീസ് കരുതുന്നു.

ജോർജിന്റെ സംസ്കാരം ബുധനാഴ്ച,

പ്രതികളെ കണ്ടെത്താൻ പ്രത്യേക സംഘം

'' അന്വേഷണം ശക്തമാണ്. പ്രതികൾ ഉടൻ വലയിലാകും.

വി.അജിത്ത്, ജില്ലാ പൊലീസ് ചീഫ്.