
ശബരിമല: മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി സന്നിധാനത്ത് വിശേഷാൽ പൂജകൾ തുടങ്ങി. ഇന്നലെ പുലർച്ചെ 3.30ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ സ്വർണകുംഭത്തിൽ ആദ്യ നെയ്യഭിഷേകം നടത്തി. ഇതിനുശേഷമാണ് തീർത്ഥാടകരുടെ നെയ്യഭിഷേകം ആരംഭിച്ചത്. മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി നേതൃത്വം നൽകി. പതിവ് കലശാഭിഷേകത്തിനുശേഷം ഉച്ചപൂജയ്ക്ക് മുന്നോടിയായി മകരവിളക്കു കാലത്തെ ആദ്യ കളഭാഭിഷേകം നടന്നു. 15നാണ് മകരവിളക്ക്. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെ സ്‌ട്രോംഗ് റൂമിലുള്ള തിരുവാഭരണം 13ന് പുലർച്ചെ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ എത്തിക്കും. മൂന്ന് പേടകങ്ങളിലാക്കി അടച്ച് പൂജിക്കും. പന്തളം രാജാവ് നിയുക്ത രാജപ്രതിനിധിക്ക് ഉടവാൾ കൈമാറും. ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. 15ന് സന്നിധാനത്തെത്തും. തിരുവാഭരണം ചാർത്തി ദീപാരാധന നടത്തി നടതുറക്കുമ്പോൾ പൊന്നമ്പലമേട്ടിൽ മകരജ്യോതിയും ആകാശത്ത് മകരസംക്രമ നക്ഷത്രവും തെളിയും. 15 മുതൽ മാളികപ്പുറത്തെ മണിമണ്ഡപത്തിൽ നിന്ന് എഴുന്നെള്ളത്ത് ആരംഭിക്കും. 16ന് വൈകിട്ട് ദീപാരാധനയ്ക്കുശേഷം പടിപൂജ തുടങ്ങും. നെയ്യഭിഷേകം 19ന് അവസാനിക്കും. ഇരുപതിന് ശരംകുത്തിയിലേക്കുള്ള എഴുന്നെള്ളത്തും മാളികപ്പുറത്ത് വലിയ ഗുരുതിയും നടക്കും. 21ന് രാവിലെ രാജപ്രതിനിധിക്കുമാത്രമാണ് ദർശനം. രാജപ്രതിനിധി തിരുവാഭരണവുമായി മടങ്ങുന്നതോടെ ഇൗ വർഷത്തെ മണ്ഡല-മകരവിളക്ക് ഉത്സവം സമാപിക്കും.