bank

പത്തനംതിട്ട: കവർച്ചാകേസുകളിൽ പ്രതികളെ കണ്ടെത്താൻ കഴിയാത്ത പൊലീസിന്റെ വീഴ്ച മൈലപ്രായിൽ പകൽ വെളിച്ചത്തിൽ വ്യാപാരിയെ കൊലപ്പെടുത്തി പണവും സ്വർണവും കവരുന്ന സംഭവത്തിലേക്ക് എത്തിയതായി ആക്ഷേപം. ഇലന്തൂർ നെല്ലിക്കാല യൂക്കോ ബാങ്കിൽ കവർച്ചാ ശ്രമം നടത്തിയവരെ അഞ്ച് മാസമായിട്ടും കണ്ടെത്തിയില്ല. കഴിഞ്ഞ ജൂലായ് 10ന് തിങ്കളാഴ്ച ബാങ്ക് തുറന്ന ജീവനക്കാർ കണ്ടത് ലോക്കറിലേക്കുള്ള ഭിത്തി തുരന്ന കാഴ്ചയാണ്. രണ്ടാം ശനിയും ഞായറുമായ രണ്ട് അവധി ദിവസങ്ങൾക്കു ശേഷം ബാങ്ക് തുറന്നപ്പോഴാണ് കവർച്ചാ ശ്രമം കണ്ടത്. ആറൻമുള പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷച്ചുമതല പത്തനംതിട്ട ഡിവൈ.എസ്.പിക്കാണ്. നെല്ലിക്കാലയിൽ 104 കോടിയുടെ നിക്ഷേപമുള്ള യൂക്കോബാങ്കിൽ നടന്ന കവർച്ചാശ്രമത്തിനിടെ നിരവധി തെളിവുകൾ അവശേഷിപ്പിച്ചിരുന്നു. ഭിത്തി തുരക്കാനുപയോഗിച്ച ട്രില്ലിംഗ് മെഷിന്റെ ബിറ്റ് ഒടിഞ്ഞു കിടന്നു. ജനൽ കമ്പി അറുത്തുമാറ്റിയ വീൽ ബ്ളേഡ് തുടങ്ങിയവ പഴയ അരിസഞ്ചിയിൽ ബാങ്കിൽ ഉപേക്ഷിച്ചു പോയത് നിർണായക തെളിവുകളായിരുന്നു. ബാങ്കിനുള്ളിൽ കാപ്പിപ്പൊടിയുടെ കവർ കണ്ടെത്തി. ഭിത്തി പൂർണമായും തുരക്കാൻ കഴിയാതെ വന്നതോടെയാണ് കവർച്ചക്കാർ മടങ്ങിയത്.

രണ്ടിടത്തും സി.സി.ടി.വി ഹാർഡ് ഡിസ്ക് കവർന്നു

നെല്ലിക്കാല ബാങ്കിലെ സി.സി.ടി.വി ഹാർഡ് ഡിസ്ക് കവർച്ചക്കാർ കൊണ്ടുപോയിരുന്നു. ബാങ്കിലെ സി.സി ടി.വി ക്യാമറകൾ തകർത്തും ടേപ്പ് കൊണ്ട് ഒട്ടിച്ചുമാണ് പ്രതികൾ അകത്തുകടന്നത്. ബാങ്കിന് മുന്നിലെ ലൈറ്റ് ബോർഡിലെ വൈദ്യുതി കണക്ഷനും വിച്ഛേദിച്ചിരുന്നു. മൈലപ്രായിൽ വ്യാപാരിയെ കൊന്ന് കവർച്ച നടത്തിയ ശേഷം സി.സി.ടി.വി ക്യാമറകളും ഹാർഡ് ഡിസ്കും കവർന്നാണ് സംഘം മടങ്ങിയത്. രണ്ടു സംഭവങ്ങളിലുമുണ്ടായ സമാനതകൾ പരിശോധിക്കേണ്ടതുണ്ട്.