
പന്തളം : മകര സംക്രമനാളിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്രയുടെ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ എ.ഷിബു പന്തളം കൊട്ടാരത്തിലെത്തി. ഇന്നലെ ഉച്ചയ്ക്ക് കൊട്ടാരത്തിൽ എത്തിയ ജില്ലാ കളക്ടർ പന്തളം വലിയ കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രവും തിരുവാഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്ന കൊട്ടാരവും സന്ദർശിച്ചശേഷം വലിയ കോയിക്കൽ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളോടും കൊട്ടാരം പ്രതിനിധികളുമായും ചർച്ചകൾ നടത്തി. അന്നദാന ചടങ്ങിൽ പങ്കെടുത്തശേഷം അയ്യപ്പഭക്തിഗാനവും ആലപിച്ചായിരുന്നു കളക്ടറുടെ മടക്കം. ഈ മാസം 13ന് ആണ് തിരുവാഭരണ ഘോഷയാത്ര പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്നത്. ഇന്നലത്തെ അന്നദാന വിതരണം രാജപ്രതിനിധി തൃക്കേട്ട നാൾ രാജ രാജ വർമ്മ ഉദ്ഘാടനം ചെയ്തു. പന്തളം കൊട്ടാര നിർവാഹകസംഘം സെക്രട്ടറി സുരേഷ് വർമ്മ, ട്രഷറർ ദീപാവർമ്മ, വലിയ കോയിക്കൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സുനിൽകുമാർ, പന്തളം വലിയ കോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ഷിബു പ്രസാദ് എന്നിവരും ക്രമീകരണങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർക്ക് ഒപ്പമുണ്ടായിരുന്നു.