
പത്തനംതിട്ട : മൈലപ്രായിൽ വ്യാപാരിയെ പട്ടാപ്പകൽ കഴുത്ത് ഞെരിച്ച് കൊന്ന് സ്വർണവും പണവും കവർന്ന കേസ് പത്തനംതിട്ട ഡിവൈ.എസ്.പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. മൈലപ്ര പുതുവേലിൽ ജോർജ് ഉണ്ണൂണ്ണിയെ (73) ആണ് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കടയിൽ വച്ച് കൊലപ്പെടുത്തിയത്. വായിൽ തുണി തിരുകിയും കൈകാലുകൾ കെട്ടിയിട്ട നിലയിലുമായിരുന്നു മൃതദേഹം. പൊലീസ് നായ മണം പിടിച്ച് മൈലപ്ര പള്ളിക്ക് സമീപത്തെ ബസ് സ്റ്റോപ്പ് വരെയെത്തി. കവർച്ച നടത്താൻ ഒന്നിലധികം പേരുണ്ടായിരുന്നുവെന്നാണ് പൊലീസ് നിഗമനം.
കടയിലെ സി.സി.ടി.വിയും ഹാർഡ് ഡിസ്കും ഇവർ കൊണ്ടുപോയിരുന്നു. സമീപത്തെ കടകളിലെയും റോഡിലെയും ക്യാമറകൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ജോർജ് ഉണ്ണൂണ്ണിയുടെ സംസ്കാരം ബുധനാഴ്ച മൈലപ്രാ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും.