oda
ദേശീയപാത വി​കസനത്തി​ന്റെ ഭാഗമായി​ കടവൂർ-നീരാവിൽ പോക്കറ്റ് റോഡ് ഓട നി​ർമ്മാണത്തി​നായി​ കുഴിച്ചിട്ടിരിക്കുന്നു


അഞ്ചാലുംമൂട്: ദേശീയപാത ആറു വരിയാക്കുന്നതിന്റെ ഭാഗമായി നീരാവിൽ ഭാഗത്തേക്കുള്ള പോക്കറ്റ് റോഡ് ഓട നിർമ്മാണത്തിനായി കുഴിച്ചിട്ടതിനാൽ നീരാവിൽ എൽ.പി.എസിലേക്കും ഹയർസെക്കൻഡറി സ്‌കൂളിലേക്കും പോകാൻ ബുദ്ധിമുട്ടി വിദ്യാർത്ഥികൾ.

കഴിഞ്ഞ ദിവസമാണ് ബൈപ്പാസിലെ നിർമ്മാണകമ്പനി ജീവനക്കാർ കടവൂരിൽ നിന്ന് നീരാവിലേക്കുള്ള റോഡിൽ ഓടനിർമ്മാണം ആരംഭിച്ചത്. ഇതോടെ വിദ്യാർത്ഥികൾ രണ്ട് കിലോമീറ്ററിലേറെ സഞ്ചരിച്ച് സി.കെ.പി ജംഗ്ഷൻ വഴിയോ ബൈപ്പാസിലെ നീരാവിൽ പാലത്തിന് സമീപത്ത് നിന്ന് നവകേരള ജംഗ്ഷൻ വഴിയോ സ്‌കൂളിലെത്തേണ്ട അവസ്ഥയാണ്. എൽ.പി സ്‌കൂളിലെ കുട്ടികളും മാതാപിതാക്കളുമാണ് ഓടനിർമ്മാണം മൂലം ഏറെ ബുദ്ധിമുട്ടിയിരിക്കുന്നത്. 9.30ന് സ്‌കൂളിലെത്തേണ്ട വിദ്യാർത്ഥികൾ 8.30നുള്ള ട്യൂഷൻകഴിഞ്ഞ് കിലോമീറ്ററുകൾ താണ്ടി സ്‌കൂളിലേക്ക് എത്തുമ്പോഴേക്ക് അവശരാകുകയും ക്ലാസുകൾ ആരംഭിക്കുകയും ചെയ്യുന്ന സ്ഥിതിയായി.

നീരാവിൽ സ്‌കൂളിനു സമീപത്തുകൂടി സ്വകാര്യ ബസ് സർവീസുകൾ കുറവായതിനാൽ കാൽനടയായോ ഓട്ടോറിക്ഷയിലോ മാത്രമേ സ്‌കൂളിലെത്താനാവുകയുള്ളൂ. ആഴത്തിലുള്ള ഓടകളാണ് നിർമ്മിക്കുന്നതെന്നതിനാൽ ചാടിക്കടക്കാൻ നോക്കുന്ന കുട്ടികൾക്ക് അപകടം സംഭവിക്കാനുള്ള സാദ്ധ്യതയേറെയാണ്. അരമണിക്കൂറിലേറെ സമയമെടുത്താൽ മാത്രമേ വിദ്യാർത്ഥികൾക്ക് വൈകിട്ട് സ്‌കൂൾ സമയം കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി കടവൂർ ജംഗ്ഷനിലെത്താൻ സാധിക്കൂ. പോക്കറ്റ് റോഡ് പൊളിച്ചിട്ടിരിക്കുന്നതിനാൽ ഭൂതക്കാവ്, അരയന്റെമുക്ക്, നീരാവിൽ ജംഗ്ഷൻ എന്നിവിടങ്ങളിലുള്ള നാട്ടുകാരും ദുരിതത്തിലാണ്.

അപകടഭീതി​യി​ൽ സ്ത്രീകളും

രാവിലെയും വൈകിട്ടുമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് ജോലിക്കും മറ്റുമായി ഇതുവഴി സഞ്ചരിക്കുന്നത്. രാത്രി തുണിക്കടകളിൽ നിന്ന് ജോലികഴിഞ്ഞ് വരുന്ന സ്ത്രീകളും റോഡ് കുഴിച്ചിട്ടിരിക്കുന്നതിനാൽ വെളിച്ചമില്ലാത്ത നീരാവിൽ പാലത്തിലൂടെ സഞ്ചരിക്കുന്നത് അപകടഭീഷണി ഉയർത്തുന്നുണ്ട്.

ഓട നിർമ്മാണത്തിനെടുത്ത കുഴികൾ എത്രയും വേഗം മൂടി കടവൂർ- നീരാവിൽ പോക്കറ്റ് റോഡ് ഗതാഗത യോഗ്യമാക്കണം

പ്രദേശവാസി​കൾ