
കൊല്ലം: ജില്ലയിൽ വർഷം തോറും എച്ച്.ഐ.വി രോഗബാധിതരെ കണ്ടെത്താനുള്ള പരിശോധന വദ്ധിക്കുമ്പോഴും പോസിറ്റീവ് കേസുകളുടെ എണ്ണം കുറയുന്നു. കൊവിഡ് കാലത്ത് മാത്രമാണ് പരിശോധനകൾ കുറഞ്ഞത്. 2017-2018 വർഷത്തിൽ 85,929 പേരിലാണ് പരിശോധന നടത്തിയത്. ഇതിൽ 57 പേർക്ക് എച്ച്.ഐ.വി പോസിറ്റീവായി കണ്ടെത്തി.
2022 എപ്രിൽ മുതൽ 2023 മാർച്ച് വരെ 1,24,511 പേരിൽ പരിശോധന നടത്തിയതിൽ 54 പേർക്കും 2023 ഏപ്രിൽ മുതൽ ഒക്ടോബർ വരെ 84,021 പേരിൽ നടത്തിയ പരിശോധനയിൽ 31 പേർക്കുമാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.
2017 മുതൽ 2023 ഒക്ടോബർ വരെയുള്ള കാലയളവിൽ ജില്ലയിലാകെ ആറ് ലക്ഷത്തിൽപ്പരം ആളുകളിൽ പരിശോധന നടത്തിയതിൽ 369 പേർക്കാണ് എച്ച്.ഐ.വി പോസിറ്റിവ് കണ്ടെത്തിയത്. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പുറത്തുവിട്ട കണക്കുകളിലാണ് വിവരങ്ങളുള്ളത്. ജില്ലയിൽ പ്രതിമാസം കണ്ടെത്തുന്ന രോഗികളുടെ എണ്ണവും മരണ നിരക്കും കുറവാണെന്നും ജില്ലാ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി അധികൃതർ പറയുന്നു.
നിരന്തര ബോധവത്കരണം തുണയായി
ആരോഗ്യ വകുപ്പിന്റെ നിരന്തര ബോധവത്കരണം ഫലപ്രദം
രക്ത പരിശോധനയ്ക്ക് ജ്യോതിസ് കേന്ദ്രങ്ങളും
ചികിത്സയ്ക്ക് ഉഷസ് കേന്ദ്രങ്ങൾ സുസജ്ജം
കൊല്ലം ജില്ലാ ആശുപത്രിയിലാണ് ഉഷസ് കേന്ദ്രം പ്രവർത്തിക്കുന്നത്
ജില്ലയിലെ കണക്ക്
(വർഷം, പരിശോധന, പോസിറ്റീവ്)
2017-2018, 85929, 57
2018-2019, 104503, 72
2019-2020, 122780, 66
2020-2021, 73320, 34
2021-2022, 93443, 55
2022 എപ്രിൽ - 2023 മാർച്ച്, 124511, 54
2023 ഏപ്രിൽ - 2023 ഒക്ടോബർ, 84021, 31
കെയർ സപ്പോർട്ട് കേന്ദ്രങ്ങളും ലൈംഗികജന്യ രോഗങ്ങൾക്ക് സൗജന്യ ചികിത്സ നൽകുന്ന പുലരി കേന്ദ്രങ്ങളും പ്രവർത്തന സജ്ജമാണ്.
ജില്ലാ എയ്ഡ്സ് കൺട്രോൾ
സൊസൈറ്റി അധികൃതർ