t

അഞ്ചാലുംമൂട്: തൃക്കരുവ, അഷ്ടമുടി ഭാഗങ്ങളിൽ ലഹരി ഉപയോഗം വർദ്ധിച്ചി​ട്ടും പൊലീസ് നടപടി​ ഫലപ്രദമാകുന്നി​ല്ല. അഷ്ടമുടി വടക്കേക്കര, മണലിക്കട, കുന്നുംപുറം, കരുവ, ഓലിക്കര, കാഞ്ഞാവെളി എന്നി​വി​ടങ്ങളി​ലാണ് ലഹരി മാഫിയ പിടിമുറുക്കുന്നത്. സംഘങ്ങൾ തമ്മിലുള്ള തർക്കങ്ങൾ മൂലം ഇവി​ടങ്ങളി​ൽ ക്രമസമാധാന പ്രശ്നങ്ങളും കൂടുകയാണ്.

രണ്ടാഴ്ച മുൻപ് കാഞ്ഞാവെളി ഭാഗത്ത് ലഹരി ഇടപാടുമായി​ ബന്ധപ്പെട്ട തർക്കത്തിൽ ഒരാൾക്ക് കുത്തേറ്റിരുന്നു. അഷ്ടമുടി സ്കൂളിനോട് ചേർന്നുള്ള പ്രദേശത്ത് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരി സംഘങ്ങൾ തമ്പടിക്കാറുണ്ടെന്നും ഇതിനെതിരെ എക്സൈസിലും പൊലീസിലും പരാതിപ്പെട്ടെങ്കി​ലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപി​ക്കുന്നു. കരുവ- അഷ്ടമുടി ഭാഗങ്ങളിൽ എക്സൈസ് പരിശോധന നടത്താറുണ്ടെങ്കിലും നടപടി​ ഉണ്ടാവുന്നി​ല്ല.

എൻ.എസ്.എസ് എച്ച്.എസ്, പ്രാക്കുളം, കരുവ എൽ.പി.എസ്, രണ്ട് ട്യുഷൻ സെന്ററുകൾ എന്നി​വ ഉൾപ്പെടെ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള കാഞ്ഞാവെളി ഭാഗത്ത് വിദ്യാർത്ഥികൾ സ്കൂൾ വിട്ട് വീട്ടിലേക്ക് പോകും വഴി അപകടകരമായി ബൈക്ക് ഓടിക്കുകയും ശല്യം ചെയ്യുന്നതായും പരാതിയുണ്ട്. മുൻപ് സ്കൂൾ തുടങ്ങുന്ന സമയത്തും വൈകുന്നേരങ്ങളിലും അഞ്ചാലുംമൂട് പൊലീസിന്റെ പട്രോളിംഗ് ഉണ്ടായിരുന്നു. ഇതു മാസങ്ങൾക്കു മുമ്പ് നി​ലച്ചതാണ് തി​രി​ച്ചടി​യായത്. ലഹരി സംഘത്തിലേക്ക് കുട്ടികളെ ആകർഷിക്കാൻ കാരിയർമാരായി​ മറ്റു കുട്ടി​കളെ ഉപയോഗി​ക്കുന്നതും സംഘങ്ങൾ ഒരുക്കുന്ന കെണി​യാണ്.

അഷ്ടമുടി, കരുവ, കാഞ്ഞാവെളി, പ്രാക്കുളം ഭാഗങ്ങളിൽ നിന്ന് ജോലികഴിഞ്ഞ് രാത്രിയിൽ സ്ത്രീകൾ സഞ്ചരിക്കുന്ന വഴിയിൽ ലഹരി സംഘങ്ങൾ തമ്പടിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇവരെ നിയന്ത്രിക്കാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണം. പൊലീസും എക്സൈസും വിഷയത്തിൽ അടിയന്തരമായി ഇടപെടണം

പ്രദേശവാസി​കൾ