
കുട്ടിയെ പാർപ്പിച്ചത് ഫാം ഹൗസിൽ
കൊല്ലം: തനിക്ക് കോടികളുടെ സാമ്പത്തിക ബാദ്ധ്യതയുണ്ടെന്നും അത്യാവശ്യം തീർക്കേണ്ട ഇടപാടിനുള്ള പണം കണ്ടെത്താനാണ് പൂയപ്പള്ളിയിൽനിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതെന്നുംപിടിയിലായ പത്മകുമാറിന്റെ വെളിപ്പെടുത്തൽ. മകളുടെ നഴ്സിംഗ് പ്രവേശനത്തിന് ആറുവയസുകാരിയുടെ പിതാവ് വാങ്ങിയ അഞ്ച് ലക്ഷം രൂപ അഡ്മിഷൻ നടക്കാഞ്ഞിട്ടും തിരിച്ചു നൽകാത്തതിന്റെ വിരോധത്തിലാണ് തട്ടിക്കൊണ്ടുപോയതെന്ന് പത്മകുമാർ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നു. ഒപ്പം അറസ്റ്റിലായ ഭാര്യയെയും മകളെയും പൊലീസ് പ്രത്യേകം ചോദ്യം ചെയ്തതോടെ ആ മൊഴി മാറ്റിയെന്നാണ് സൂചന.
സംഭവത്തിന്റെ അഞ്ചാം നാൾ തമിഴ്നാട്ടിൽ വച്ചാണ് ഇവർ പിടിയിലായത്.
ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാലയത്തിൽ വാവ എന്നറിയപ്പെടുന്ന പത്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവർ തെങ്കാശിക്ക് സമീപം പുളിയറൈയിലെ ഹോട്ടലിൽ നിന്നാണ് പിടിയിലായത്. പത്മകുമാർ എൻജിനിയറിംഗ് ബിരുദധാരിയാണ്.
മൂവരുടെയും ചിത്രങ്ങൾ കുട്ടി തിരിച്ചറിഞ്ഞു. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചോയെന്ന് അന്വേഷിക്കുകയാണ്. തട്ടിക്കൊണ്ടുപോകലിന് സഹായിച്ചവരെക്കുറിച്ചുള്ള ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
അടൂർ ബറ്റാലിയൻ ക്യാമ്പിൽ എ.ഡി.ജി.പി എം.ആർ.അജിത്ത്കുമാർ, ഡി.ഐ.ജി നിശാന്തിനി എന്നിവരുടെ നേതൃത്വത്തിൽ മൂവരെയും ഒരുമിച്ചും പ്രത്യേകമിരുത്തിയും ചോദ്യംചെയ്തു. ചാത്തന്നൂർ മാമ്പള്ളിക്കുന്നത്തെ വീട്ടിലാണ് കുട്ടിയെ തട്ടിക്കൊണ്ടുവന്നതെന്നും പിന്നീട് പോളച്ചിറ തെങ്ങുവിളയിലെ ഫാം ഹൗസിലേക്ക് മാറ്റിയെന്നും കരുതുന്നു.
കുട്ടിയെ ആശ്രാമത്ത് ഉപേക്ഷിക്കാൻ കൊല്ലം താലൂക്ക് കച്ചേരി ജംഗ്ഷൻ വരെയെത്തിയ നീല കാറിലാണ് ഇവർ തമിഴ്നാട്ടിലേക്ക് കടന്നത്. ഈ കാർ കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വെള്ള സ്വിഫ്ട് ഡിസയർ കാർ ചാത്തന്നൂരിലെ വീട്ടിൽ ഉപേക്ഷിച്ചാണ് ഇവർ രക്ഷപ്പെട്ടത്. ഇതും കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച തന്നെ പത്മകുമാറിന്റെ വീട് കൊല്ലം സിറ്റി പൊലീസ് നിരീക്ഷണത്തിലാക്കിയിരുന്നു. ഡി.ഐ.ജി നിശാന്തിനി രാത്രി പതിനൊന്നോടെ സ്ഥലത്തെത്തി. പൊലീസ് സാന്നിദ്ധ്യം മണത്തതോടെ ഇന്നലെ രാവിലെ പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നു. ഹോട്ടലിൽ ഭക്ഷണം കഴിക്കെയാണ് പൊലീസ് വളഞ്ഞത്. കരുനാഗപ്പള്ളി സി.ഐ ബിജുകുമാർ, ശക്തികുളങ്ങര എസ്.ഐ ആശ, ഡാൻഡാഫ് എസ്.ഐ കണ്ണൻ, ഡാൻഡാഫ് അംഗങ്ങളായ ബൈജു, രതീഷ്, അബു താഹിർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മോചനദ്രവ്യം ആവശ്യപ്പെടാൻ കിഴക്കനേലയിലെ ഹോട്ടൽ വരെയെത്താൻ സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറും കസ്റ്റഡിയിലുണ്ട്.
രേഖാചിത്രവും
നെറ്റും കുടുക്കി
പ്രതികളിലേക്കെത്തിച്ചത് രേഖാചിത്രത്തിലെ സാമ്യം
പത്മകുമാറിന്റെ വീടിന് സമീപത്ത് നിന്ന് ഡിസയർ കാറിന്റെയും നീല കാറിന്റെയും ക്യാമറ ദൃശ്യം
കുട്ടിയെ യുട്യൂബ് കാണിക്കാൻ ഉപയോഗിച്ച ഇന്റർനെറ്റ് ബന്ധം
കാർ സഞ്ചരിച്ച വഴികളിൽ ഉണ്ടായിരുന്ന മൊബൈൽ നമ്പർ സാന്നിദ്ധ്യം
കേരളകൗമുദി
മുൻകൂട്ടി പറഞ്ഞു
പ്രൊഫഷണൽ അല്ലാത്ത ക്രിമിനൽ സംഘമാണെന്ന സൂചനകൾ ഏറ്രവുമാദ്യം പുറത്തുവിട്ടത് കേരളകൗമുദിയാണ്. മോചനദ്രവ്യം ആവശ്യപ്പെട്ടതിന്റെ ശബ്ദരേഖയിലൂടെ കൊല്ലം സ്വദേശികളാണെന്ന് സ്ഥിരീകരിച്ചു, പ്രതികൾ കുട്ടിയുടെ വീടിന്റെ 25 കി.മീചുറ്റളവിൽ തന്നെയുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു.