port

കൊല്ലം: കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റ് അനുവദിക്കുന്നതിൽ സംസ്ഥാന സർക്കാരിനെതിരെ വീണ്ടും കേന്ദ്രം. എമിഗ്രേഷൻ പോയിന്റ് പ്രവർത്തിപ്പിക്കാനുള്ള ഓഫീസും അനുബന്ധ സൗകര്യങ്ങളും സജ്ജമാക്കി ഇനിയും സംസ്ഥാന സർക്കാർ കൈമാറിയിട്ടില്ലെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി നടത്തിയ ചർച്ചയിൽ എമിഗ്രേഷൻ ചുമതലയുള്ള കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായി വ്യക്തമാക്കി.

ബ്യൂറോ ഒഫ് എമിഗ്രേഷൻ ആവശ്യപ്പെട്ട ഓഫീസ് സൗകര്യവും സുരക്ഷാ ക്രമീകരണങ്ങളും സജ്ജമാക്കി കൈമാറിയാൽ ഉടൻ ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കി കൊല്ലം പോർട്ട് എമിഗ്രേഷൻ ചെക്ക് പോയിന്റായി പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കുമെന്ന് അധികൃതർ എം.പിക്ക് ഉറപ്പ് നൽകി.

ഇനിയും വേണ്ട സൗകര്യങ്ങൾ ചൂണ്ടിക്കാട്ടി ബ്യൂറോ ഒഫ് എമിഗ്രേഷൻ സംസ്ഥാന സർക്കാരിന് കത്ത് നൽകിയിട്ടും, സർക്കാരിന്റെ ഭാഗത്തുനിന്ന് തുടർ നടപടി ഉണ്ടാകുന്നില്ല. കെട്ടിടം കൈമാറുന്നതോടൊപ്പം എമിഗ്രേഷൻ പരിശീലനം നൽകാൻ സംസ്ഥാന സർക്കാർ കേരള പൊലീസിൽ നിന്ന് 14 പൊലീസുകാരെയും ഇമിഗ്രേഷൻ അധികൃതർക്ക് വിട്ടുനൽകണം. അതോടൊപ്പം കെട്ടിടത്തിന് സമീപം വരെ സുരക്ഷിതമായ അതിവേഗ ഇന്റ‍‍‍നെറ്റ് സൗകര്യവും ഒരുക്കണം. സംസ്ഥാന സർക്കാർ ഈ നടപടികൾ പൂർത്തീകരിച്ചാൽ ഒരാഴ്ചക്കുള്ളിൽ കൊല്ലം പോർട്ടിന് എമിഗ്രേഷൻ ചെക്ക് പോയിന്റ് നൽകി വിജ്ഞാപനം ഇറക്കുമെന്ന് അധികൃതർ എം.പിക്ക് ഉറപ്പ് നൽകി.

ഇനി വേണ്ടത്

 സുരക്ഷിത ഇന്റർനെറ്റ് ബന്ധം

 യാത്രക്കാരെ പരിശോധിക്കാൻ മെറ്റൽ ഡിറ്റക്ടർ

 ബാഗേജ് സ്കാനർ

 എമിഗ്രേഷൻ ജോലികൾക്കായി 14 പൊലീസുകാർ

 സുരക്ഷാ ജോലിക്ക് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്

കൊല്ലം പോർട്ടിന് എമിഗ്രേഷൻ ചെക്ക് പോയിന്റ് പദവി ലഭിക്കാൻ സംസ്ഥാന സർക്കാരിൽ നിഷിപ്തമായ കാര്യങ്ങൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും തുറമുഖ വകുപ്പ് മന്ത്രിക്കും നിവേദനം നൽകി. ഇക്കാര്യം നിരവധി തവണ പാർലമെന്റിലും ആഭ്യന്തര മന്ത്രാലയത്തിന്റെ കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിലും ഉന്നയിച്ചിരുന്നു. സംസ്ഥാന സർക്കാർ നടപടികൾ പൂർത്തീകരിച്ചാൽ പോർട്ടിന് അംഗീകാരം നൽകുമെന്ന് നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ രേഖാമൂലം ഉറപ്പ് നൽകിയിട്ടുണ്ട്.

എൻ.കെ.പ്രേമചന്ദ്രൻ എം.പി