kal-

കൊല്ലം: സംസ്ഥാനത്തെ കാലികളുടെ സമഗ്ര വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന റേഡിയോ ഫ്രീക്വൻസി തിരിച്ചറിയൽ പദ്ധതിക്ക് രൂപം നൽകിയെന്ന് മന്ത്രി ജെ.ചിഞ്ചുറാണി.

ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി. കാലികളുടെ പ്രജന ചരിത്രം, ആരോഗ്യ നിലവാരം, അവയ്ക്ക് കൊടുക്കാവുന്ന തീറ്റ, ലഭ്യമായ പാലളവ്, കർഷകന്റെ വിവരങ്ങൾ എന്നിവ നിർവചിക്കുന്ന രീതിയിലാണ് ഐഡന്റിഫിക്കേഷൻ.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ അദ്ധ്യക്ഷനായി. ക്ഷീരസംഘങ്ങൾ വഴി കർഷകർക്ക് മരുന്നും മറ്റുചികിത്സാ സേവനങ്ങളും നൽകുന്ന ക്യാമ്പുകൾ ജില്ലയിൽ വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു

കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിന്റെ വാക്സിൻ ബോക്സ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൈമാറി. ജന്തുരോഗ നിയന്ത്രണ പദ്ധതി സംസ്ഥാന കോ ഓഡിനേറ്റർ ഡോ. എസ്.സിന്ധു, മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസി. ഡയറക്ടർ ഡോ. പി.എസ്.ശ്രീകുമാർ, ജില്ലാ മൃഗാശുപത്രി മേധാവി ഡോ. ഡി.ഷൈൻകുമാർ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.എൽ.അജിത്ത്, ഡോ. ആർ.ഗീതാറാണി എന്നിവർ സംസാരിച്ചു.