t
രാമറാവു മെമ്മോറിയൽ നെടുങ്ങോലം താലൂക്ക് ആശുപത്രി

ചാത്തന്നൂർ: നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ്

പ്രതിസന്ധി സൃഷ്ടിക്കുന്നു.

ആശുപത്രിയുടെ ദൈനംദിന കാര്യങ്ങൾ വഹിക്കേണ്ട സൂപ്രണ്ട് സ്ഥലംമാറിപ്പോയി രണ്ടു മാസമായിട്ടും പകരം ആളെത്താത്തതിനാൽ, ആകെയുള്ള രണ്ട് ഗൈനക്കോളജി ഡോക്ടർമാരി​ൽ ഒരാൾക്കാണ് താത്കാലിക ചുമതല. 13 ഡോക്ടർമാർ വേണ്ടിടത്ത് 5 സ്ഥിരം ഡോക്ടർമാരും 4 എൻ.എച്ച്.എം ഡോക്ടർമാരുമാണുള്ളത്. ഇവിടേക്ക് സ്ഥലംമാറിയെത്തിയ രണ്ട് ഡോക്ടർമാർ ചുമതലയേറ്റ ശേഷം വർക്ക് ആറേ ഞ്ച്മെന്റിൽ തിരിച്ചു പോയി. ഈ ഡോക്ടർമാർ ഇവിടെ നിന്നു സ്ഥലംമാറ്റം വാങ്ങി പോയി​രുന്നെങ്കി​ൽ രണ്ട് ഒഴുവുകളിൽ ഡോക്ടർമാരെ നിയമിക്കാം. മൂന്നു ഗൈനക്കോളജി ഡോക്ടർമാരാണ് മുമ്പ് ഉണ്ടായിരുന്നത്. സർജന്റെ സേവനം ദിവസവും ഉണ്ടായിരുന്നു. നിലവിൽ ഇത് ആഴ്ചയിൽ മൂന്നു ദിവസമായി. ഫിസിഷ്യൻ ഇല്ലാത്തതിനാൽ കിടത്തി ചികിത്സയും കുറവാണ്. 5 വർഷത്തിലധികമായി ആശുപത്രിയിൽ അസ്ഥിരോഗ വിഭാഗം ഡോക്ടർ ഇല്ല. ഇതിനാൽ, അപകടത്തിൽപ്പെട്ടെത്തുന്നവരെ മെഡി. ആശുപത്രിയിലേക്ക് പറഞ്ഞു വിടുകയാണ്.

ദിവസവും ആയിരത്തിലേറെ രോഗികൾ ഒ.പിയിൽ എത്തുന്നുണ്ട്. ഇവർക്ക് മതിയായ സേവനം നൽകാൻ ആശുപത്രിക്ക് കഴിയുന്നില്ല. ഡോക്ടർമാർ ഇല്ലാത്തതിനാൽ ചില ദിവസങ്ങളിൽ ഒ.പി പ്രവർത്തിക്കാതിരുന്നിട്ടുണ്ട്.

വാഗ്ദാനങ്ങൾ ഏറെ

പല തവണ വകുപ്പ് മന്ത്രിയും സ്ഥലം എം.എൽ.എ.യും ആശുപത്രി സന്ദർശിച്ച് വാഗ്ദാനങ്ങൾ നൽകി പോയതല്ലാതെ നടപടി ഉണ്ടായിട്ടില്ല. നിലവിലുള്ള ഡോക്ടർമാർ മൂന്നു ഷിഫ്റ്റായാണ് ജോലി ചെയ്യുന്നത്. ആശുപത്രിയുടെ ദുരവസ്ഥയ്ക്ക് അടിയന്തിര പരിഹാരം കാണണമെന്നാണ് നാടിന്റെ ആവശ്യം.

താലൂക്ക് ആശുപത്രിയിൽ ഫിസിഷ്യൻ, ഓർത്തോ ഡോക്ടർമാരുടെ കുറവ് പരിഹരിക്കണമെന്ന് വകുപ്പ് മന്ത്രിയുടെയും എം.എൽ.എയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് ഉടൻ പരിഹരിക്കാമെന്നാണ് ലഭിച്ച മറുപടി

പി ശ്രീജ, പരവൂർ നഗരസഭ ചെയർപേഴ്സൺ

ഡോക്ടർമാരെ അടിയന്തരമായി നിയമിച്ച് ജനങ്ങളുടെ കഷ്ടപ്പാടുകൾക്ക് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകും

ജി.ദിവാകരൻ, ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ്