photo
പുത്തൂരിലെ ഭക്ഷണക്കൂട്ടിൽ ഇന്നലെ ഉച്ചഭക്ഷണമെത്തിച്ച പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വോളണ്ടിയർമാർ

കൊല്ലം : 'എരിയുന്ന വയറിലെ തീയാണ് പ്രശ്ന'മെന്ന് മുദ്രാവാക്യം വിളിക്കുന്നവർ പുത്തൂരിലേക്ക് പോര്, ഭക്ഷണക്കൂട്ടിൽ പൊതിച്ചോറുണ്ടാകും! കീശ കാലിയായാലും വിശപ്പാറ്റാൻ സംവിധാനവുമായി പുത്തൂർ പട്ടണത്തിലൊരുക്കിയ ഭക്ഷണക്കൂടിന് ഇന്ന് നൂറാം ദിനം. പുത്തൂരിൽ ഇത്തരത്തിൽ സൗജന്യ ഭക്ഷണം ലഭിക്കുന്ന ഭക്ഷണക്കൂട് സ്ഥാപിച്ചാൽ വിജയിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു. നാണക്കേടുകാരണം ഭക്ഷണം എടുക്കാൻ മടിക്കില്ലേയെന്ന ആശങ്കകളൊക്കെ ആദ്യ ദിനംതന്നെ അകന്നു. ഇരുപതുപേർ എല്ലാ ദിവസവും ഭക്ഷണമെടുക്കാൻ എത്താറുണ്ട്. തികച്ചും അർഹതയുള്ളവർ. ഭക്ഷണക്കൂട്ടിലെ പൊതിയില്ലെങ്കിൽ മിക്കപ്പോഴും പട്ടിണിയാകുന്നവർ. പൊതി തികഞ്ഞില്ലെങ്കിൽ സംഘാടകർ പകരം സംവിധാനമൊരുക്കും. എന്തായാലും ഇവിടെ എത്തിയാൽ വിശന്നിരിക്കേണ്ടി വരില്ല.

തെരുവിൽ കഴിയുന്നവർക്ക് വേണ്ടി മാത്രം തുറന്ന ഭക്ഷണക്കൂടല്ലിത്. ബാങ്ക് അക്കൗണ്ടിൽ പണമുണ്ടെങ്കിലും ഒരു പക്ഷെ, പട്ടണത്തിലെത്തിയപ്പോൾ കൈയിൽ പണമില്ലെങ്കിൽ വലയുന്ന ചിലരുണ്ട്. പ്രായമായവരാണ് ഇത്തരത്തിൽ അധികവും. അവർക്കും ഭക്ഷണമെടുക്കാം, കഴിക്കാം.

കുട്ടികൾ ഏറ്റെടുത്തു

ഒരു ദിവസവും അന്നം മുടങ്ങരുതെന്ന തീരുമാനമെടുത്തുകൊണ്ടാണ് വിസ്മയ ടെക്സ്റ്റെയിൽസ് ഉടമ വിനോജ് വിസ്മയയുടെ നേതൃത്വത്തിൽ കടയ്ക്ക് മുന്നിലായി ഭക്ഷണക്കൂട് സ്ഥാപിച്ചത്. സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലെ കുട്ടിക്കൂട്ടം പദ്ധതി ഏറ്റെടുത്തു. മിക്ക ദിവസങ്ങളിലും സ്കൂളിൽ നിന്നും കുട്ടികൾ പൊതിച്ചോറുകൾ ഇവിടെ എത്തിക്കും. വിവാഹം, പിറന്നാൾ തുടങ്ങി ആഘോഷങ്ങൾക്കും ചരമ വാർഷികത്തിനുമൊക്കെ ആളുകൾ ഭക്ഷണക്കൂട് നിറക്കാനും തുടങ്ങി. പൊതിച്ചോർ മാത്രമല്ല, ബിരിയാണിയും ഫ്രൈഡ് റൈസുമടക്കമുള്ള ചില ദിവസങ്ങളിൽ ഉണ്ടാകും.

ഇന്നലെ പാങ്ങോട് സ്കൂളിൽ നിന്നും

തൊണ്ണൂറ്റി ഒൻപതാം ദിവസമായ ഇന്നലെ പുത്തൂർ പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് കൂട്ടിൽ ഭക്ഷണപ്പൊതികൾ നിറച്ചത്. ആഴ്ചതോറും ഇവിടുത്തെ വോളണ്ടിയർമാർ ഭക്ഷണപ്പൊതി എത്തിക്കാറുമുണ്ട്.

നൂറാം ദിനം സമൂഹസദ്യ

ഭക്ഷണക്കൂട് പ്രവർത്തനം തുടങ്ങിയതിന്റെ നൂറാം ദിനമായ ഇന്ന് എട്ടുകൂട്ടവും ഉപ്പേരിയും പായസവും സഹിതം നൂറുപേർക്ക് സമൂഹ സദ്യയാണ് നൽകുന്നത്.

പുത്തൂർ പട്ടണത്തിലെത്തുന്ന ആരുംതന്നെ വിശന്നിരിക്കരുതെന്ന ചിന്തയിലാണ് ഭക്ഷണക്കൂട് തുടങ്ങിയത്. പ്രതീക്ഷിച്ചതിലും കൂടുതൽ പിൻതുണ എല്ലാ ഭാഗത്തുനിന്നും ലഭിച്ചു. ഭക്ഷണമെത്തിക്കാൻ താത്പര്യമുള്ളവർ 7012168049 എന്ന നമ്പരിൽ ബന്ധപ്പെടണം.

വിനോജ് വിസ്മയ, മുഖ്യ സംഘാടകൻ