കൊല്ലം: ഇസ്രയേൽ സ്വദേശിയായ യുവതിയെ കഴുത്തറുത്തും വയറ്റിൽ കുത്തേറ്റും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിൽ കഴിയുന്ന ഒപ്പം താമസിച്ചിരുന്ന വൃദ്ധന്റെ മൊഴി വിശ്വസിക്കാതെ പൊലീസ്.

രാധ എന്ന് വിളിക്കുന്ന സത്വയാണ് (36) മരിച്ചത്. ഇവരുമായി ബന്ധുവീട്ടിൽ താമസിച്ചിരുന്ന കൃഷ്ണചന്ദ്രനാണ് (75) ചികിത്സയിൽ കഴിയുന്നത്. സത്വയും കൃഷ്ണചന്ദ്രനും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന സംശയത്തിലാണ് പൊലീസ്. സത്വയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചുവരികയാണ്. കൃഷ്ണചന്ദ്രന്റെ സൊറിയാസിസ് രോഗം മാറാത്തതിന്റെ മനോവിഷമത്തിൽ ഒരുമിച്ച് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചുവെന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരുന്നു. എന്നാൽ സത്വയുടെ ബാങ്ക് അക്കൗണ്ടിലുള്ള ഒരു ലക്ഷം രൂപയിൽ പകുതി മരണാനന്തര ചടങ്ങുകൾക്കും ബാക്കി അനാഥലയത്തിനും നൽകണമെന്ന വരികൾ സംശയം ഉയർത്തുന്നതാണെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യൻ എംബസി വഴി സത്വയുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

വ്യാഴാഴ്ച വൈകിട്ട് മൂന്നോടെ കൊല്ലം പുന്തലത്താഴം ഡീസന്റ് ജംഗ്ഷന് സമീപം കോടാലിമുക്കിൽ കൃഷ്ണചന്ദ്രന്റെ ജ്യേഷ്ഠന്റെ മകൻ രവിചന്ദ്രൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം. കൃഷ്ണചന്ദ്രൻ വർഷങ്ങളായി ഉത്തരാഖണ്ഡിൽ യോഗ പരിശീലകനായിരുന്നു. അവിടെ വച്ച് പരിചയപ്പെട്ട സത്വയുമായി ഒരുവർഷം മുമ്പ് കൃഷ്ണചന്ദ്രൻ കോടിലിമുക്കിലുള്ള രവിചന്ദ്രന്റെ വാടക വീട്ടിൽ എത്തുകയായിരുന്നു. സത്വയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. കൃഷ്ണചന്ദ്രൻ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.