കൊല്ലം: ചെന്നൈയിൽ ഹോട്ടൽ മുറിയിൽ മലയാളി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. തെന്മല ഉറുകുന്ന് സ്വദേശിനിയായ രണ്ടാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിനിയായ ഉറുകുന്ന് നേതാജി കമ്പിലൈനിൽ ബദറുദ്ദീൻ - ഹസീന ദമ്പതികളുടെ മകൾ ഫൗസിയയാണ് (20) മരിച്ചത്.

സംഭവത്തിൽ വിദ്യാർത്ഥിനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് കുളത്തൂപ്പുഴ അയ്യൻപിള്ള വളവിന് സമീപം താജുദ്ദീൻ-മേഴ്‌സി ദമ്പതികളുടെ മകൻ ആഷിഖിനെ (21) ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ അഞ്ച് വർഷമായി തന്നെ ചതിക്കുകയായിരുന്നവളെ ഇല്ലാതാക്കി എന്നുകാട്ടി കഴിഞ്ഞ ദിവസം രാവിലെ സാമൂഹിക മാദ്ധ്യമത്തിൽ ഫോട്ടോ ആഷിഖ് പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് പെൺകുട്ടിയുടെ സുഹൃത്തുക്കൾ ഫൗസിയയെ അന്വേഷിച്ച് എത്തിയപ്പോഴാണ് കൊല്ലപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് ആഷിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആഷിക് പോക്‌സോ കേസിൽ പ്രതിയായിട്ടുണ്ട്.

ഒറ്റക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇതിനിടെ പെൺകുട്ടിയെ വീട്ടുകാർ ചെന്നൈയിലേക്ക് നഴ്‌സിംഗ് പഠനത്തിന് ചേർത്തെങ്കിലും അവിടെയും ഇവരുടെ സൗഹൃദം തുടർന്നു. ഇടയ്ക്കിടെ വഴക്കിടുമായിരുന്ന ഇരുവരും കഴിഞ്ഞ ദിവസം ചെന്നൈയിലെ ഹോട്ടലിൽ മുറിയെടുക്കുകയും ഇവിടെവച്ചുണ്ടായ വാക്കുതർക്കത്തിനൊടുവിൽ ബനിയൻ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.