കൊല്ലം: ആറു കോടിയുടെ ആസ്തി. റിയൽ എസ്റ്റേറ്റ് പൊളിഞ്ഞതോടെ ബാങ്കുകളിൽ അഞ്ചു കോടിയുടെ കടം. ജപ്തി ഒഴിവാക്കാൻ 10 ലക്ഷം ഉടൻ അടയ്ക്കണം. പലരോടും ചോദിച്ചിട്ടും പണം കിട്ടാതായതോടെ പത്മകുമാറും ഭാര്യ അനിതയും യു ട്യൂബറായ മകൾ അനുപമയും കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങി ജീവിതം ഭദ്രമാക്കാൻ ഇറങ്ങിത്തിരിക്കുകയായിരുന്നു. ഇരയായ കുട്ടിയുടെ പിതാവിന് സംഭവത്തിൽ പങ്കില്ലെന്നും എ.ഡി.ജി.പി അജിത്ത് കുമാർ പറഞ്ഞു.
ഒരു വർഷംമുമ്പ് സാമ്പത്തിക ബാദ്ധ്യത കടുത്തപ്പോൾ തട്ടിക്കൊണ്ടുപോകൽ ആലോചിച്ചിരുന്നു. ആർ.ടി ഓഫീസിലെ റിട്ട. ഉദ്യോഗസ്ഥയായ പത്മകുമാറിന്റെ അമ്മ അതിശക്തമായി എതിർത്തതോടെ പദ്ധതി ഉപേക്ഷിച്ചു. വ്യാജ നമ്പർ പ്ളേറ്റുകൾ വീട്ടിൽ കണ്ടപ്പോഴാണ് ഇക്കാര്യം അമ്മ തിരക്കിയത്. കഴിഞ്ഞ ജൂണിൽ അമ്മ മരിച്ചു. പിന്നാലെയാണ് 10 ലക്ഷം ഉടൻ അടച്ചില്ലെങ്കിൽ ജപ്തി ചെയ്യേണ്ടിവരുമെന്ന് ബാങ്കുകാർ മുന്നറിയിപ്പു നൽകിയത്. അനുപമയ്ക്ക് യു ട്യൂബിൽ നിന്നുള്ള വരുമാനവും നിലച്ചിരുന്നു.
ഒന്നര മാസം മുമ്പാണ് കുട്ടികളെ തേടി കുടുംബ സമേതം യാത്ര തുടങ്ങിയത്. ഒന്നരയാഴ്ച മുമ്പാണ് ഓയൂരിലെ ആറുവയസുകാരിയെ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിനു മുമ്പ് രണ്ടു തവണ അതിനായി ശ്രമിച്ചിരുന്നു. കുട്ടിയുടെ അമ്മ കൂടെ ഉണ്ടായിരുന്നതിനാൽ ആദ്യനീക്കം പാളി. ട്യൂഷൻ കഴിഞ്ഞ് മടങ്ങുന്ന കുട്ടിക്കൊപ്പം മുത്തശ്ശിയുണ്ടായിരുന്നതിനാൽ രണ്ടാമത്തെ നീക്കവും വിജയിച്ചില്ല. മൂന്നാമത്തെ ശ്രമത്തിലാണ് കൈപ്പിടിയിലായത്. പെൺകുട്ടി കാറിൽ ബഹളം വച്ചപ്പോൾ ആദ്യം വാ പൊത്തി. പിന്നീട് മയക്ക് ഗുളിക നൽകിയതോടെ ശാന്തയായി. മാമ്പള്ളിക്കുന്നത്തെ വീട്ടിൽ കുട്ടിയെ എത്തിച്ചശേഷം പത്മകുമാറും അനിതകുമാരിയും കാറിൽ പാരിപ്പള്ളിയിലേക്ക് പോയി. അവിടെ നിന്ന് ഓട്ടോറിക്ഷയിൽ കിഴക്കനേലയിലെത്തി. ഹോട്ടലുടമയുടെ ഭാര്യയിൽ നിന്ന് ഫോൺ വാങ്ങി കുട്ടിയുടെ അമ്മയെ വിളിച്ച് 10 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടു. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് കുടുങ്ങുമെന്ന് ബോദ്ധ്യമായത്. അതോടെ കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കാൻ തീരുമാനിച്ചു.
ശബ്ദരേഖയും ലാപ്ടോപ്പും
അനിതകുമാരി നേരത്തെ 10 ലക്ഷം കടം ചോദിച്ച് അയച്ച ശബ്ദ സന്ദേശം അതു ലഭിച്ച സ്ത്രീ കണ്ണനല്ലൂർ സ്വദേശിയായ അബ്ദുൾ സമദിന് കൈമാറി. മോചന ദ്രവ്യം ആവശ്യപ്പെടുന്ന ശബ്ദത്തിന് സമാനമായിരുന്നു അത്. സമദ് പരിചയമുള്ള അയിരൂർ സി.ഐയ്ക്ക് കൈമാറി. അദ്ദേഹം അന്വേഷണ സംഘത്തിന് അയച്ചുകൊടുത്തു.അതോടെ അനിതയുടെ ഫോൺ നിരീക്ഷണത്തിലായി.
പ്രതികളെ കുറിച്ച് ആറ് വയസുകാരിയും സഹോദരനും നൽകിയ വിവരണം കൃത്യമായതിനാൽ വ്യക്തമായ രേഖാചിത്രം തയ്യാറാക്കി.
രേഖാചിത്രത്തോട് പത്മകുമാറിന് സാമ്യമുണ്ടെന്ന് പ്രദേശവാസികൾ പൊലീസിനെ അറിയിച്ചു
കുട്ടിയെ ഉപേക്ഷിച്ച സമയത്ത് പത്മകുമാറിന്റെ ഫോൺ ടവർ ലൊക്കേഷൻ ആശ്രാമത്ത്. അനുപമ സ്വന്തം
ലാപ് ടോപ്പിൽ കുട്ടിയെ ടോം ആൻഡ് ജെറി കാണിച്ചത് കേന്ദ്രീകരിച്ചുള്ള സൈബർ വിവരങ്ങൾ
പ്രതികൾ റിമാൻഡിൽ
ഓയൂർ പൂയപ്പള്ളിയിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ
ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാലയത്തിൽ കെ.ആർ.പത്മകുമാർ (52), ഭാര്യ എം.ആർ.അനിതകുമാരി (45), മകൾ പി.അനുപമ (20)എന്നിവരെ കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പത്മകുമാറിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും ഭാര്യയെയും മകളെയും അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും മാറ്റി. തെങ്കാശിയിൽ നിന്ന് അടൂർ ബറ്റാലിയൻ ക്യാമ്പിലെത്തിച്ച് വെള്ളിയാഴ്ച വിശദമായി ചോദ്യം ചെയ്ത പ്രതികളെ ഇന്നലെ പൂയപ്പള്ളി സ്റ്റേഷനിൽ കൊണ്ടുവന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കുറ്റവും ശിക്ഷയും
ഐ.പി.സി 361- രക്ഷിതാക്കളിൽ നിന്ന് തട്ടിക്കൊണ്ടുപോകൽ- ഏഴ് വർഷം വരെ തടവ്
ഐ.പി.സി 370(4)- പ്രായപൂർത്തിയാകാത്തവരെ തട്ടിക്കൊണ്ടുപോകൽ- ജീവപര്യന്തം തടവ് പരമാവധി ശിക്ഷ
ഐ.പി.സി 323- ആയുധമില്ലാതെ കൈ കൊണ്ട് ചെറിയ പരിക്കേൽപ്പിക്കൽ- ഒരു വർഷം വരെ തടവും പിഴയും
ഐ.പി.സി 34- ക്രിമിനൽ ലക്ഷ്യത്തോടെ സംഘം ചേർന്നുള്ള കുറ്റകൃത്യം
പൊലീസ് പറയുന്നതിൽ
പൊരുത്തക്കേടുകൾ
കൊല്ലം: ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പൊലീസിന്റെ വെളിപ്പെടുത്തലുകൾ വിശ്വസനീയമല്ലെന്ന വാദം ശക്തമാകുന്നു. മൂന്നു പേർക്കേ നേരിട്ട് ബന്ധമുള്ളൂ, സഹോദരനു നേരെ നീട്ടിയ കത്തിൽ സംഘം തങ്ങളുടെ ഫോൺ നമ്പർ രേഖപ്പെടുത്തിയിരുന്നു എന്നീ കാര്യങ്ങളിലാണ് സംശയം.
അമ്മയ്ക്ക് കൊടുക്കാനെന്നപേരിൽ ഒരു കത്ത് തനിക്കുനേരേ നീട്ടിയതായി ബാലികയുടെ സഹോദരന്റെ മൊഴിയുണ്ട്. പൊലീസിന്റെ വിശദീകരണം ഇങ്ങനെ: പ്രതികളെ ബന്ധപ്പെടാനായി ഫോൺ നമ്പർ എഴുതിയ പേപ്പർ ആയിരുന്നു. 'നിങ്ങളുടെ മകൾ സുരക്ഷിതയാണ്. ഞങ്ങൾക്ക് 10 ലക്ഷം രൂപയുടെ ആവശ്യമുണ്ട്. അത് നൽകിയാൽ കുട്ടിയെ വിട്ടുനൽകാ'മെന്നാണ് കത്തിൽ എഴുതിയിരുന്നതത്രെ! പെൺകുട്ടിയെ തട്ടിയെടുക്കുന്നതിനിടയിൽ പേപ്പർ സഹോദരനെ ഏൽപ്പിക്കാനായിരുന്നു നീക്കം. പിടിവലിക്കിടയിൽ പേപ്പർ കാറിനുള്ളിൽ വീണു. ഇതു വീട്ടിലെത്തിയശേഷം കത്തിച്ചുകളഞ്ഞു.
പത്മകുമാറിന്റെ ചാത്തന്നൂരിലെ ബേക്കറിയുടെ ബോർഡിലുള്ള നമ്പരാണ് പേപ്പറിൽ എഴുതിയിരുന്നതെന്നും പൊലീസ് പറയുന്നു!
തട്ടിക്കൊണ്ടുപോകാൻ പഴുതടച്ച പ്ലാൻ തയ്യാറാക്കിയവർ തങ്ങളുടെ കടയുടെ ബോർഡിലുള്ള ഫോൺ നമ്പർ കത്തിൽ എഴുതി നൽകുന്ന വിഡ്ഢിത്തം കാട്ടുമോ? വീട്ടുകാർ കത്ത് പൊലീസിന് കൈമാറിയാൽ ഉടൻ പിടിയിലാകുമെന്ന് ആസൂത്രണം നടത്തിയവർക്കില്ലേ? തുടങ്ങിയ ചോദ്യങ്ങൾ ഉയരുന്നുണ്ട്. സംഘം സഞ്ചരിച്ച കാറിനൊപ്പം പലയിടങ്ങളിലും സംശയാസ്പദമായ രീതിയിൽ ബൈക്കുകളും സഞ്ചരിക്കുന്നുണ്ട്. എന്നിട്ടും മൂന്നു പേർക്കേ നേരിട്ട് പങ്കുള്ളൂവെന്നാണ് പൊലീസ് വാദം.