കൊല്ലം: തട്ടിക്കൊണ്ട് പോകലിന് ഇരയായ ആറുവയസുകാരി ചാച്ചൻ എന്ന് വിളിക്കുന്ന ഏഴര വയസുകാരനായ സഹോദരനാണ് പ്രതികളെ വലയിലാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്.

പെട്ടെന്നൊരു കാറെത്തി സഹോദരിയെ റാഞ്ചാൻ ശ്രമിച്ചപ്പോൾ അവൻ പതറിയില്ല. സഹോദരിയെ അവരുടെ കൈയിൽ നിന്ന് വീണ്ടെടുക്കാൻ തിരിച്ച് ബലം പ്രയോഗിച്ചു. കാറിലുണ്ടായിരുന്ന സ്ത്രീ കമ്പുകൊണ്ട് അവനെ അടിച്ചു. സഹോദരിയുടെ കൈയിലെ പിടിവിടാതെ അവൻ മറുകൈകൊണ്ട് കമ്പ് തട്ടിയെടുത്ത് തിരിച്ചടിച്ചു.

സഹോദരൻ ഭയന്നോടുമെന്നായിരുന്നു തട്ടിക്കൊണ്ടുപോകൽ സംഘം കരുതിയത്. എന്നാൽ അവൻ തങ്ങളുടെ പ്രതീക്ഷ തെറ്രിച്ചുവെന്ന് പ്രതികൾ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.

സഹോദരിയുമായി കാർ പാഞ്ഞതോടെ അവൻ നിലവിളിച്ചുകൊണ്ട് വീട്ടിലെത്തി മുത്തശ്ശിയോട് കാര്യംപറഞ്ഞു. വിവരമറിഞ്ഞെത്തിയ നാട്ടുകാരോടും പൊലീസിനോടും കൃത്യമായി കാര്യങ്ങൾ വിവരിച്ചു. ഈ കാർ ദിവസങ്ങളായി വീട്ടുപരിസരത്ത് ഉണ്ടായിരുന്നുവെന്ന സഹോദരന്റെ മൊഴിയും നിർണായകമായി. നിർണായക വിവരം നൽകിയ ആറ് വയസുകാരന് എ.ഡി.ജി.പി എം.ആർ. അജിത്ത്കുമാർ ഇന്നലെ സമ്മാനവും നൽകി.