ഓയൂർ: കുട്ടിയെ 21 മണിക്കൂറിനുള്ളിൽ ഉപേക്ഷിക്കുന്ന സാഹചര്യം സൃഷ്ടിക്കാനായതിന് പുറമേ പ്രതികളെ 96 മണിക്കൂറിനുള്ളിൽ പിടികൂടാനായെന്നും എ.ഡി.ജി.പി എം.ആർ.അജിത്ത് കുമാർ പറഞ്ഞു.കുട്ടിക്ക് ഒരു അപകടവും സംഭവിക്കാതെ വീണ്ടെടുക്കുകയായിരുന്നു ആദ്യ ലക്ഷ്യം. അക്കാര്യത്തിൽ വിജയിച്ചു. പിന്നീട് ഐ.ജി സ്പർജൻ കുമാറിന്റെ മേൽനോട്ടത്തിൽ ഡി.ഐ.ജി നിശാന്തിനിയുടെ നേതൃത്വത്തിൽ കൊല്ലം സിറ്റി, റൂറൽ പൊലീസ് ജില്ലകളിലെ ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. അവർ നാല് രാപകലുകൾ ഉറക്കമില്ലാതെ പായുകയായിരുന്നു. ലഭിക്കുന്ന തുമ്പുകൾക്ക് പിന്നാലെ ഓരോരോ ഉദ്യോഗസ്ഥരെയും അയച്ചു. കോൺസ്റ്റബിൾ മുതലുള്ള ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ആത്മാർത്ഥമായി പ്രവർത്തിച്ചു.
മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോൺ വിളിക്ക് പുറമേ പൊതുജനങ്ങൾ നൽകിയ വിവരങ്ങളും അന്വേഷണത്തിൽ നിർണായകമായി. അന്വേഷണം പൂർണമായിട്ടില്ല. പ്രതികളുടെ മൊഴികൾ സ്ഥിരീകരിക്കാൻ വിശദമായ അന്വേഷണം നടന്നുവരികയാണ്.