
കൊല്ലം: പ്രതിമാസം ലക്ഷങ്ങൾ വരുമാനമുണ്ടായിരുന്ന യുട്യൂബ് സെലിബ്രിറ്റിയാണ് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ മൂന്നാം പ്രതി അനുപമ.
നന്നായി ഇംഗ്ളീഷ് കൈകാര്യം ചെയ്യും. ഹോളിവുഡ് താരങ്ങളെ അടക്കം അനുകരിക്കുന്ന അനുപമയുടെ വീഡിയോകളും ഇൻസ്റ്റഗ്രാം റീലുകളും വൈറലായിരുന്നു. യുട്യൂബിൽ നിന്ന് പ്രതിമാസം 3.8 ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ വരുമാനം ലഭിച്ചിരുന്നുവെന്ന് എ.ഡി.ജി.പി എം.ആർ.അജിത്ത് കുമാർ പറഞ്ഞു.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനെ അനുപമ എതിർത്തിരുന്നു. കഴിഞ്ഞ ജൂലായിൽ പകർപ്പവകാശ ലംഘനം നടത്തിയെന്നപേരിൽ യുട്യൂബ് പ്രതിഫലം തടഞ്ഞു.വരുമാനം നിലച്ചതോടെ മാതാപിതാക്കൾ തയ്യാറാക്കിയ തട്ടിക്കൊണ്ടുപോകൽ പദ്ധതിയിൽ പങ്കാളിയായി.
4.98 ലക്ഷം സബ്സ്‌ക്രൈബേഴ്സ്
'അനുപമ പത്മൻ' എന്ന യുട്യൂബ് ചാനലിന് 4.98 ലക്ഷം സബ്സ്‌ക്രൈബേഴ്സുണ്ട്. ഇൻസ്റ്റാഗ്രാമിൽ 14,000 പേരും ഫോളോ ചെയ്യുന്നുണ്ട്. വീഡിയോകളെല്ലാം ഇംഗ്ലീഷിലാണ്. ബി.എസ്‌സി കമ്പ്യൂട്ടർ സയൻസിന് ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല. എൽ.എൽ.ബി ചെയ്യണമെന്നായിരുന്നു ആഗ്രഹം. അതിനിടയിലാണ് യുട്യൂബ് ചാനൽ ക്ളിക്കായത്.
381 വീഡിയോകളാണ് അക്കൗണ്ടിലുള്ളത്. അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരുമാസം മുമ്പാണ്. അനാഥനായ്ക്കളെ ഏറ്റെടുക്കുന്ന ശീലവുമുണ്ടായിരുന്നു. 15 നായകളാണ് വീട്ടിലുണ്ടായിരുന്നത്. തെരുവ് നായകൾക്ക് അഭയകേന്ദ്രം തുടങ്ങാൻ സഹായം അഭ്യർത്ഥിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിൽ വീഡിയോയും പങ്കുവച്ചിരുന്നു.