കുളത്തുപ്പുഴ: എൽ.ഡി.എഫ് നേതൃത്വം നൽകുന്ന കുളത്തുപ്പുഴ ഗ്രാമപഞ്ചായത്തിൽ നവകേരള സദസിന് അമ്പതിനായിരം രൂപ നൽകാമെന്ന് പഞ്ചായത്ത് കമ്മിറ്റി അജണ്ടയിൽ വച്ച തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് യു.ഡി.എഫ് അംഗങ്ങൾ കമ്മിറ്റിയിൽ ചർച്ചയിലൂടെ ഉന്നയിച്ചു.
ഹൈക്കോടതി ഇടപെട്ടിട്ട് പോലും ഇതിൽ നിന്ന് പിന്മാറാതെ പതിനായിരം രൂപ നൽകാൻ പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമെടുത്ത എൽ.ഡി.എഫ് ഭരണസമിതി അംഗങ്ങൾക്കെതിരെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി പഞ്ചായത്ത് കമ്മിറ്റിയിൽ നിന്ന് യു.ഡി.എഫ് വോക്കൗട്ട് നടത്തി പ്രതിഷേധിച്ചു.
ക്ഷേമ പെൻഷനുകൾ, ലൈഫ് പാർപ്പിട പദ്ധതികൾ തുടങ്ങിയവ മുടങ്ങിക്കിടക്കുമ്പോൾ പാഴ് ചെലവുകൾ നടത്തി പഞ്ചായത്ത് ഫണ്ടിൽ നിന്ന് തുക അനുവദിക്കാനാകില്ലെന്ന് ഉന്നയിച്ചാണ് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചത്.
കോൺഗ്രസ് പാർട്ടി പാർലമെന്ററി നേതാവ് പി.സന്തോഷ് കുമാർ, സാബു എബ്രഹാം, എം. ജോസഫ്, സക്കറിയ, സിസിലി ജോബ്, ഷീലാ സത്യൻ, മേഴ്സി ജോർജ് എന്നിവർ ബഹിഷ്കരണ പരിപാടിയിൽ പങ്കെടുത്തു.