കൊല്ലം: തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലെ വനിത സെല്ലിൽ നിന്ന് നൈജീരിയക്കാരി ഇഫിയോമയെ (33) പത്തനാപുരം ഗാന്ധിഭവൻ ഷെൽട്ടർ ഹോമിലേക്ക് മാറ്റി.
ഹൈക്കോടതി ഉത്തരവിന്മേലാണ് ഗാന്ധിഭവനിൽ എത്തിച്ചത്. രണ്ട് വനിത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് ഇഫിയോമയെ കൊണ്ടുവന്നത്. മുംബൈയിൽ ടീഷർട്ട് വ്യാപാരിയായിരുന്ന ഇഫിയോമ രണ്ടുവർഷം മുന്നേ കേരളത്തിൽ തന്റെ സുഹൃത്തിനെ കാണാനെത്തിയതാണ്. എന്നാൽ സുഹൃത്ത് മയക്കുമരുന്ന് കേസിൽ കേരള പൊലീസിന്റെ പിടിയിലാവുകയും കൂടെയുള്ള ഇഫിയോമ കൂട്ടുപ്രതിയായി പോലീസ് കസ്റ്റഡിയിലാവുകയും ചെയ്തു. ഇവരുടെ പാസ്പോർട്ടിന്റെ കാലാവധി തീർന്നതും പ്രശ്നങ്ങൾ കൂടുതൽ വഷളാക്കി.
കേസിൽ ഇവർ നിരപരാധിയാണെന്ന് കോടതി വിധിച്ചെങ്കിലും ഇന്ത്യൻ എംബസി ഇടപെട്ടു. ഇവരുടെ വിസ പുതുക്കുന്നത്തിനുള്ള കാലതാമസമാണ് ഇപ്പോൾ നേരിടുന്നത്. അതുവരെ ഇവർക്ക് ഗാന്ധിഭവനിൽ താത്കാലിക സംരക്ഷണം നൽകാൻ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഉത്തരവിടുകയായിരു ന്നു.
വിയ്യൂർ വനിത ജയിൽ സൂപ്രണ്ട് ടി.ജെ.ജയയുടെ കത്തുമായി എ.എസ്.ഐ ഭാവനയും വനിത സിവിൽ പൊലീസ് ഓഫീസർ ബിന്ദുവും ചേർന്നാണ് പത്തനാപുരം ഗാന്ധിഭവനിലേക്ക് ഇഫിയോമയെ കൊണ്ടുവന്നത്. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജന്റെ നേതൃത്വത്തിൽ സൂപ്രണ്ട് സൂസൻ തോമസ് ഇഫിയോമയെ ഏറ്റെടുത്ത് ഷെൽട്ടർ ഹോമിലേക്ക് മാറ്റി.