
കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ രേഖാചിത്രം പൊലീസിന് വേണ്ടി ദമ്പതികൾ പൂർത്തിയാക്കിയത് അഞ്ച് മണിക്കൂറെടുത്ത്. സി ഡിറ്റ് ജീവനക്കാരും നീരാവിൽ സ്വദേശികളുമായ സ്മിതയും ഷജിത്തുമാണ് വരയിലൂടെ പൊലീസിന് വഴികാട്ടിയത്. പ്രതികൾ പിടിയിലായപ്പോൾ രേഖാചിത്രവുമായി ഒത്തുനോക്കിയവർ അമ്പരന്നു, ഒരു ആറു വയസുകാരി പറഞ്ഞതുകേട്ട് ഇതെങ്ങനെ വരച്ചൊപ്പിച്ചു!
മുമ്പ് പെരുമ്പാവൂർ കേസിൽ വരച്ച രേഖാചിത്രത്തിന് പ്രതിയുമായി സാമ്യമില്ലാതിരുന്നത് രൂക്ഷ വിമർശനമുയർത്തിയിരുന്നു. എന്നാൽ ഓയൂരിലെ സംഭവത്തിൽ വരച്ച രേഖാചിത്രം 'പെർഫെക്ട് ഓക്കെ"യായി. എ.സി.പി പ്രദീപ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് ദമ്പതികളെ നിയോഗിച്ചത്. കുട്ടി നിരീക്ഷണത്തിലിരുന്ന വിക്ടോറിയ ആശുപത്രിയിലെത്തിയാണ് ചിത്രം വരച്ചുതുടങ്ങിയത്. ചിത്രകലാ അദ്ധ്യാപകരെന്ന് പരിചയപ്പെടുത്തി കുട്ടിയോടൊപ്പം കളിചിരിയോടെ ഇടപെട്ടാണ് പ്രതികളുടെ രൂപം ചോദിച്ചറിഞ്ഞ് പേപ്പറിലേക്ക് പകർത്തിയതെന്ന് ഷജിത്ത് പറഞ്ഞു.
ദമ്പതികളുടെ വിശദീകരണം: മുതിർന്നവരാണ് മൊഴി നൽകുന്നതെങ്കിൽ ആദ്യം പ്രതിയുടെ പ്രായമാണ് ചോദിച്ചറിയുക. കുട്ടിയായതുകൊണ്ട് അടുത്തുണ്ടായിരുന്ന ഓരോരുത്തരെ ചൂണ്ടിക്കാട്ടി 'ഇത്ര പ്രായമുണ്ടോ മോളേ' എന്ന് ചോദിച്ചാണ് പ്രതികളുടെ പ്രായത്തിലേക്കെത്തിയത്. ഓരോ ഘട്ടത്തിലും കുട്ടിയെ കാണിച്ച് ഉറപ്പുവരുത്തിയാണ് മുന്നോട്ടുപോയത്. ചിത്രം പൂർത്തിയായപ്പോൾ കുട്ടി തലയാട്ടി. രേഖാചിത്രമായതിനാൽ കളർ ചെയ്ത പതിപ്പാണ് പൊലീസിന് നൽകിയത്.