കൊട്ടാരക്കര: ഹരിത കർമ്മസേന അംഗമായ ടി.വിലാസിനിയെ ഹരിത സഹായ സ്ഥാപനമായ ഐ.ആർ.ടി.സിയുടെ നേതൃത്വത്തിൽ ആദരിച്ചു.
കഴിഞ്ഞ ഒക്ടോബർ 16നാണ് പത്തനാപുരം. ഗാന്ധിഭവനിലെ അന്തേവാസിയുടെ നവജാത ശിശുവിന്റെ നൂലുകെട്ട് ചടങ്ങിൽ പങ്കെടുത്ത വിലാസിനി തന്റെ കഴുത്തിൽ കിടന്ന സ്വർണമാല ഊരി കുഞ്ഞിന്റെ കഴുത്തിൽ അണിയിച്ചത്. 104 വയസുള്ള വൃദ്ധയായ മാതാവും രോഗിയായ ഏക മകളും ഒരപകടത്തെ തുടർന്ന് 7 വർഷമായി കിടപ്പിലായ മകളുടെ ഭർത്താവും 2 പേരക്കുട്ടികളും അടങ്ങുന്നതാണ് കാൻസർ അതിജീവിത കൂടിയായ വിലാസിനിയുടെ കുടുംബം .
സമാനതകളില്ലാത്ത ജീവിത ക്ലേശത്തിനിടയിലും ഹരിത കർമ്മസേന പ്രവർത്തനത്തിലൂടെ സ്വരുക്കൂട്ടി വാങ്ങിയ സ്വർണമാലയാണ് ഗാന്ധിഭവനിലെ സ്നേഹിതയെന്ന നവജാത ശിശുവിന് നൽകിയത്. ഐ.ആർ.ടി.സി ഹരിത സഹായ സ്ഥാപനമായി പ്രവർത്തിക്കുന്ന 182 തദ്ദേശ സ്ഥാപനങ്ങളിലെ ആറായിരത്തോളം വരുന്ന ഹരിത കർമ്മസേന അംഗങ്ങളും 204 കോ-ഓർഡിനേറ്റർമാരും ചേർന്ന് വിലാസിനിക്ക് ഒരു സ്വർണമാല ഉപഹാരമായി നൽകി. ഉപഹാരം ഐ.ആർ.ടി.സി ചെയർമാനും ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റുമായ ബി.രമേഷ് വിലാസിനിക്ക് സമ്മാനിച്ചു.
അനുമോദന യോഗം കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് ഉദ്ഘാടനം ചെയ്തു. നവകേരളം കർമ്മ പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ എസ്.ഐസക് അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യഷൻമാരായ അഡ്വ.കെ. ഉണ്ണിക്കൃഷ്ണ മേനോൻ, ജി.സുഷമ ,കൗൺസിലർ തോമസ് പി. മാത്യു,
ഗാന്ധി ഭവൻ ഡയറക്ടർ സോമരാജൻ നഗരസഭ സെക്രട്ടറി ടി.വി.പ്രദീപ്, ഹെൽത്ത് ഇൻസ്പെക്ടർ ബിനു ജോർജ്,ഐ.ആർ.ടി.സി സ്റ്റേറ്റ് കോ - ഓർഡിനേറ്റർ ജയൻ ചമ്പക്കുളം, റീജിയണൽ കോർഡിനേറ്റർ ജാഫർ ഷെരീഫ്, സി.ഡി.എസ്. ചെയർപേഴ്സൺ കെ.ശ്രീജ, ഹരിത കർമ്മസേന കൺസോർഷ്യം പ്രസിഡന്റ് എ.ഷക്കീല എന്നിവർ സംസാരിച്ചു.