camera-
നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ താലൂക്ക് വികസന സമിതിയിൽ തീരുമാനമായി

ശാസ്താംകോട്ട: ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കാൻ താലൂക്ക് വികസന സമിതിയിൽ തീരുമാനമായി.മൈനാഗപ്പള്ളി ആറാട്ടുചിറയ്ക്ക് സമീപത്തെ കാമറകൾ പ്രവർത്തന രഹിതമായതിനെ കുറിച്ചും മറ്റു സ്ഥലങ്ങളിൽ കാമറ സ്ഥാപിക്കാത്തതിനെ കുറിച്ചും കേരളാ കൗമുദി വാ‌ർത്ത നൽകിയിരുന്നു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ഏഴ് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലായി 35 നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്ന പദ്ധതി കഴിഞ്ഞ ഭരണ സമിതിയുടെ അവസാന നാളുകളിലാണ് ഉദ്ഘാടനം ചെയ്തത്. എന്നാൽ മൈനാഗപ്പള്ളി ജംഗ്ഷനിലും കല്ലുകടവിലും വേങ്ങ ആറാട്ടുചിറയിലും മാത്രമാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. മറ്റു കേന്ദ്രങ്ങളിൽ ക്യാമറ സ്ഥാപിക്കുന്നതിനായി തൂണുകൾ സ്ഥാപിക്കുക മാത്രമാണ് ചെയ്തിരുന്നത്.

പവർ കട്ടും ഗതാഗതക്കുരുക്കും പരിഹരിക്കും

പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ പവർ കട്ട് പ്രശ്നം പരിഹരിക്കുന്നതിന് കെ.എസ്.ഇ.ബി അസി.എൻജിനിയറെ താലൂക്ക് വികസന സമിതി ചുമതലപ്പെടുത്തി. ഭരണിക്കാവിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് സർവ്വകക്ഷി യോഗം വിളിക്കാനും വികസന സമിതിയിൽ തീരുമാനമായി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അൻസർ ഷാഫി ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഡോ.സി.ഉണ്ണികൃഷ്ണൻ, പി.എം.സെയ്ദ്, ആർ.ഗീത, എസ്. ശ്രീകുമാർ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പ്രൊ.എസ്. അജയൻ,ബിജു മൈനാഗപ്പള്ളി, കുറ്റിയിൽ സി.വൈ.നിസാം, ഉസ്മാൻ കുഞ്ഞ്, സാബു ചക്കുവള്ളി, പുത്തൂർ സനിൽ, സുരേഷ് ലോറൻസ് ഡെപ്യൂട്ടി കളക്ടർ ( എൽ.ആർ) ,തഹസിൽദാർ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.