ഓയൂർ: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പൂയപ്പള്ളി സ്‌റ്റേഷനിലെത്തിക്കുമെന്ന മാദ്ധ്യമ വാർത്തകളറിഞ്ഞ് ഇന്നലെ രാവിലെ തന്നെ സ്റ്റേഷൻ പരിസരത്ത് ജനം തടിച്ചുകൂടി. സ്‌റ്റേഷനിലും പരിസരത്തുമായി 200ൽ അധികം പൊലീസുകാരെയാണ് സുരക്ഷയ്ക്ക് നിയോഗിച്ചത്.
ഷാഡോ പൊലീസ് സംഘവും ദ്രുതകർമ്മ സേനാംഗങ്ങളും സ്ഥലത്തുണ്ടായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു ക്രമീകരണങ്ങൾ. സ്‌റ്റേഷന്റെ ഗേറ്റ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിരുന്നു. മാദ്ധ്യമങ്ങളെയും കടത്തിവിട്ടില്ല. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് പ്രതികളെ കാണാൻ എത്തിയത്. ഉച്ചയോടെ പ്രതികളുമായി പൊലീസെത്തി. പുറത്തിറക്കിയതോടെ കൂകി വിളികളും പൊലീസിന് അഭിവാദ്യം വിളികളും ഉയർന്നു. പ്രതികളുടെ മുഖം കവർ കൊണ്ട് മറച്ചാണ് സ്റ്റേഷനിലേക്ക് പ്രവേശിപ്പിച്ചത്. ഇതിനിടെ അന്വേഷണ സംഘത്തിന് അഭിവാദ്യമർപ്പിച്ച ഫ്‌ളക്‌സുമായി ഒരു സംഘം സ്‌റ്റേഷന് മുന്നിലെത്തി. ഏറെനേരം കഴിഞ്ഞാണ് എ.ഡി.ജി.പി എം.ആർ.അജിത്ത് കുമാർ വാർത്താസമ്മേളനത്തിനായി സ്‌റ്റേഷന് മുന്നിലെത്തിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതികളെ രണ്ടരയോടെ കൊട്ടാരക്കര കോടതിയിലേക്ക് കൊണ്ടുപോയ ശേഷമാണ് ജനക്കൂട്ടം പിരിഞ്ഞത്.