 കുട്ടിയെ ആശ്രാമത്ത് ഉപേക്ഷിച്ചത് തന്ത്രപരമായി

കൊല്ലം: മാദ്ധ്യമങ്ങളിൽ വൻ വാർത്തയായി പൊലീസ് പരിശോധന ശക്തമാക്കിയതോടെ തങ്ങൾ കുടുങ്ങുമെന്ന് ഉറപ്പായിട്ടും പതറാതെ തന്ത്രപരമായാണ് മൂവർ സംഘം കുട്ടിയെ ആശ്രാമത്ത് ഉപേക്ഷിച്ചത്. തട്ടിക്കൊണ്ടുപോയ ദിവസം രാത്രി തന്നെ പൊലീസിന്റെ വലയിൽപ്പെടാതെ ഉപേക്ഷിക്കാനുള്ള പ്ലാനും തയ്യാറാക്കിയിരുന്നു.

തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വെള്ള സ്വിഫ്ട് കാറിൽ പോയാൽ കുടുങ്ങും. അതുകൊണ്ട് തങ്ങളുടെ മറ്റൊരു കാറിൽ മൂവരും കുട്ടിയുമായി വീട്ടിൽ നിന്നിറങ്ങി. വഴിമദ്ധ്യേ കാറിന്റെ നമ്പർ പ്ലേറ്റ് മാറ്റി വ്യാജൻ പതിച്ചു. കൊല്ലം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് വഴി ആശ്രാമം മൈതാനത്തിന് ചുറ്റും കറങ്ങി ഉപേക്ഷിക്കാൻ പറ്റിയ സ്ഥലം തിരഞ്ഞ ശേഷം ലിങ്ക് റോഡിലെത്തി കാർ പാർക്ക് ചെയ്തു. അവിടെ നിന്ന് അനിതകുമാരി കുഞ്ഞുമായി ഓട്ടോറിക്ഷയിൽ കയറി അശ്വതി ബാറിന് സമീപമിറങ്ങി. ഈ സമയം തന്നെ പത്മകുമാർ മറ്റൊരു ഓട്ടോയിൽ പിന്നാലെ വന്നു. അനുപമ ഈ സമയം കാറിൽ തന്നെ ഇരിക്കുകയായിരുന്നു.

അനിതകുമാരി കുറച്ച് നേരം കുട്ടിയുമായി മൈതാനത്തിന്റെ വക്കിലുള്ള സിമന്റ് ബഞ്ചിലിരുന്നു. ദൂരെ നിന്ന് വിദ്യാർത്ഥികൾ വരുന്നത് കണ്ടതോടെ പപ്പ വിളിക്കാൻ വരുമെന്ന് പറഞ്ഞ ശേഷം അനിതകുമാരി ജില്ലാ വ്യവസായ കേന്ദ്രത്തിന് അടുത്തേക്ക് നടന്നു. ദൂരെ മാറിനിന്ന് കോളേജ് വിദ്യാർത്ഥികൾ കുട്ടിയുമായി സംസാരിക്കുന്നത് നിരീക്ഷിച്ചു. അപ്പോൾ പത്മകുമാർ അതുവഴി നടന്നുവന്നു. പിന്നീട് പത്മകുമാറും അനിതകുമാരിയും മറ്റൊരു ഓട്ടോയിൽ കയറി കൊല്ലം ബിഷപ്പ് ജെറോം നഗറിലെത്തി. അവിടെ നിന്ന് പത്മകുമാർ മാത്രം മറ്റൊരു ഓട്ടോയിൽ കയറി ലിങ്ക് റോഡിൽ കാർ പാർക്ക് ചെയ്തിരുന്നിടത്തെത്തി. കാറിൽ മകളുമായെത്തി ബിഷപ്പ് ജെറോം നഗറിന് മുന്നിൽ നിന്ന് അനിതകുമാരിയെയും കൂട്ടി വീട്ടിലേക്ക് തിരിച്ചു. ഇടയ്ക്ക് വച്ച് യഥാർത്ഥ നമ്പർ പ്ലേറ്റും കാറിൽ പതിച്ചു.