കൊട്ടാരക്കര: സോളാർ ഗൂഢാലോചന കേസിൽ കെ.ബി.ഗണേശ് കുമാർ എം.എൽ.എയ്ക്ക് കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് ഒന്നാം കോടതി ജാമ്യം അനുവദിച്ചു.
കേസിലെ രണ്ടാം പ്രതിയായ ഗണേശ് കുമാറിനോട് വിചാരണയ്ക്കായി ഈ മാസം 6ന് ഹാജരാകാനായിരുന്നു കോടതി നിർദ്ദേശിച്ചിരുന്നത്. എന്നാൽ അസൗകര്യം ഉണ്ടെന്നറിയിക്കുകയും കേസ് ഇന്നലെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് മുൻകൂർ അപേക്ഷ നൽകിയിരുന്നു.
ഇതിന്റെ ഭാഗമായാണ് ഇന്നലെ ഉച്ചയ്ക്ക് 1ന് കൊട്ടാരക്കര കോടതിയിൽ ഹാജരായത്. അതേസമയം ജാമ്യം അനുവദിച്ചെങ്കിലും 6ന് കേസ് പരിഗണിക്കുമ്പോൾ ഒന്നും രണ്ടും പ്രതിസ്ഥാനത്തുള്ള സരിത നായരും ഗണേശ് കുമാറും കോടതിയിൽ ഹാജരാകണമെന്ന് കോടതി അറിയിച്ചു.
6ന് വിദേശത്ത് ഒരു ചടങ്ങിൽ പോകാനുണ്ടെന്ന് ഗണേശ്കുമാർ കോടതിയെ അറിയിച്ചെങ്കിലും അനുമതി കിട്ടിയില്ല. സോളാർകേസിൽ കോടതിയിൽ സമർപ്പിക്കാൻ പത്തനംതിട്ട ജയിലിൽവച്ച് പരാതിക്കാരി എഴുതി നൽകിയ 21 പേജുള്ള കത്തിൽ കെ.ബി.ഗണേശ്കുമാർ എം.എൽ.എ ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് രേഖപ്പെടുത്തി നാല് പേജ് കൂട്ടിച്ചേർത്താണ് നൽകിയതെന്ന സുധീർ ബാബുവിന്റെ പരാതിയിലാണ് കൊട്ടാരക്കര കോടതിയിൽ വിചാരണ ആരംഭിക്കാൻ പോകുന്നത്.