ചാത്തന്നൂർ: വിളപ്പുറം ശ്രീനാരായണ പബ്ലിക് സ്കൂളിൽ നടന്ന ദേശിംഗനാട് സഹോദയ സ്കൂൾ ജില്ലാ കായികമേള അസ്ത്ര - 2023 സമാപിച്ചു. കരുനാഗപ്പള്ളി ശ്രീബുദ്ധ സെൻട്രൽ സ്കൂൾ 267 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. വടക്കേവിള ശ്രീനാരായണ പബ്ളിക് സ്കൂൾ 129 പോയിന്റോടെ ഒന്നാം റണ്ണറപ്പും കിഴവൂർ ശ്രീനാരായണ പബ്ളിക് സ്കൂൾ 128 പോയിന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
13 സ്കൂളുകളിൽ നിന്ന് 33 ഇനങ്ങളിലായി ആയിരത്തോളം കായിക പ്രതിഭകൾ പങ്കെടുത്ത മത്സരങ്ങളുടെ സമാപന ചടങ്ങിൽ ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ. ശശികുമാർ സമ്മാനദാനം നിർവഹിച്ചു. ചാത്തന്നൂർ ശ്രീനാരായണ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ മഹേഷ് കുമാർ അദ്ധ്യക്ഷനായി. സഹോദയ സെക്രട്ടറിയും വടക്കേവിള ശ്രീനാരായണ പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ എം.എസ്. സുഭാഷ് സംസാരിച്ചു. സഹോദയ ജോയിന്റ് സെക്രട്ടറിയും കിഴവൂർ എസ്.എൻ.പി.എസ് പ്രിൻസിപ്പലുമായ ഗംഗ രാജൻ നന്ദി പറഞ്ഞു.