കൊല്ലം: ജില്ലയിൽ പകർച്ചവ്യാധികൾ പെരുകുന്നു. രണ്ടാഴ്ചയ്ക്കിടെ 8,914 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. 118 പേർ കിടത്തി ചികിത്സയ്ക്ക് വിധേയരായി.

വൈറൽ പനിക്ക് പുറമേ ഡെങ്കി, എലിപ്പനി, മലേറിയ, ഫാൾസിപാറം മലേറിയ, എച്ച്. വൺ എൻ വൺ രോഗങ്ങൾ എന്നിവയും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

92 പേർക്കാണ് കഴിഞ്ഞ മാസം ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ 18നാണ് ഏറ്റവുമധികം പേർ ഡെങ്കിപ്പനി ബാധിച്ച് ചികിത്സതേടിയത്, 20 പേർ. 14പേർക്ക് എലിപ്പനിയും ഒരാൾക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയിലെ കോർപ്പറേഷൻ പരിധിയിലാണ് ഡെങ്കി ബാധിതർ കൂടുതൽ. ജില്ലയിലെ ഹോട്ട് സ്പോട്ടുകളുടെ എണ്ണത്തിലും വർദ്ധനവുണ്ട്.

വാടി, ഉളിയക്കോവിൽ, ആദിച്ചനല്ലൂർ, മൺറോത്തുരുത്ത്, തൃക്കരുവ, ശക്തികുളങ്ങര, കലയ്ക്കോട്, പരവൂർ, തൃക്കടവൂർ, പാലത്തറ, കെ.എസ് പുരം തുടങ്ങിയ സ്ഥലങ്ങളാണ് ജില്ലയിലെ ഹോട്ട്സ്‌പോട്ടുകൾ. പകർച്ചപ്പനികൾ പടരുമ്പോഴും പ്രതിരോധ നടപടികളില്ലെന്ന ആക്ഷേപവും ശക്തമാണ്.

ഫാൾസിപാറം മലേറിയ ജില്ലയിലും
 തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ഫാൾസിപാറം മലേറിയയുടെ സാന്നിദ്ധ്യം ജില്ലയിൽ റിപ്പോർട്ട് ചെയ്തു

 ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ കൂടുതലായി കണ്ടുവരുന്ന രോഗങ്ങളിലൊന്നാണിത്

 തലച്ചോറിനെ നേരിട്ട് ബാധിക്കുന്നതിനാൽ രോഗം പിടിപെട്ടാൽ മരണം സംഭവിക്കാനുള്ള സാദ്ധ്യത കൂടുതലാണ്

 ജില്ലയിൽ കശുഅണ്ടി ഫാക്ടറികളിലേയ്ക്ക് തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നത് ദക്ഷിണാഫ്രിക്കയിൽ നിന്ന്

 ഇത്തരം ഫാക്ടറികളിലെ ജീവനക്കാരിലാണ് ഫാൾസിപാറം മലേറിയ കണ്ടെത്തിയത്.

രണ്ടാഴ്ചയ്ക്കിടെ രോഗബാധിതർ - 8,914 പേർ

കിടത്തി ചികിത്സ തേടിയത് - 118 പേർ

വളർത്ത് മൃഗങ്ങളിലൂടെ എലിപ്പനി

ജില്ലയിൽ രണ്ടാഴ്ചയ്ക്കിടെ എലിപ്പനി ബാധിച്ചവരുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്. റോഡിലെയും വീട്ടുവളപ്പിലെയും വെള്ളക്കെട്ടുകൾ, ടയറുകൾ, ചിരട്ടകൾ എന്നിവയിൽ കെട്ടിനിൽക്കുന്ന മലിനജലത്തിലൂടെയാണ് എലിപ്പനി പടരുന്നത്. വളർത്ത് മൃഗങ്ങളിലൂടെയും എലിപ്പനി പടരാം.

ഡെങ്കിബാധിതരും വർദ്ധിച്ചു

ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ചവരിലേറെയും കോർപ്പറേഷൻ പരിധിയിൽ നിന്നുള്ളവരാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. തൃക്കടവൂർ, മുണ്ടയ്ക്കൽ, ഇരവിപുരം, കിളികൊല്ലൂർ തുടങ്ങി നഗരവുമായി ചേർന്ന് കിടക്കുന്ന കോർപ്പറേഷൻ പരിധികളിലെല്ലാം ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്. 70ൽ അധികം കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബോട്ടുകളിലും മറ്റും പോകുന്ന തൊഴിലാളികൾ മലിനജലം ബോട്ടിനുള്ളിലും ബോട്ടിലെ ടയറുകളിലും മറ്റും കെട്ടിക്കിടക്കാതെ ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.

കശുഅണ്ടി ഫാക്ടറികളിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലും ഫാൾസിപാറം മലേറിയയുടെ രോഗലക്ഷണങ്ങൾ കണ്ടെത്തി.

ആരോഗ്യവകുപ്പ് അധികൃതർ