കൊല്ലം: ആശ്രാമം മൈതാനത്ത് നടക്കാൻ ഇറങ്ങിയ ആളെ ഭീഷണിപ്പെടുത്തി പണം അപഹരിച്ച പ്രതി അയത്തിൽ വടക്കേവിള ഫാത്തിമ മൻസിലിൽ സെയ്ദാലിയെ (24) കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി. കഴിഞ്ഞ മാസം 29 ന് രാത്രി എട്ട് മണിയോടെയാണ് സെയ്ദാലി ഉൾപ്പെട്ട മൂവർ സംഘം ആളെ തടഞ്ഞ് നിറുത്തി പണം ആവശ്യപ്പെട്ടത്. കൈവശം പണമില്ലെന്ന് അറിയിച്ചതോടെ ഭീഷണിക്കു വഴങ്ങി ഓൺ ലൈനായി 3000 രൂപ വാങ്ങി. തുടർന്ന് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ വിഷ്ണു, ഷബ്‌ന, സി.പി.ഒമാരായ അനു, സുനീഷ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.