audit
ഓഡിറ്റ്

കൊല്ലം: സഹകരണ ബാങ്കുകളിൽ ക്രമക്കേട് വ്യാപകമായതിന് പുറമേ ഉദ്യോഗസ്ഥരുടെ കുറവ് കാരണം ഓഡിറ്റ് കുളമായിട്ടും പുതിയ ഓഡിറ്റർമാരുടെ നിയമനം നടക്കുന്നില്ല. സഹകരണ സ്ഥാപനങ്ങൾ കുത്തനെ ഉയർന്നിട്ടും ആനുപാതികമായി ഓഡിറ്റർമാരില്ലാത്തതാണ് തട്ടിപ്പുകാർക്ക് വളമാകുന്നത്.

1981ൽ 7000 സഹകരണ സംഘങ്ങളും 800 ശാഖകളും 5000 ഫയലുകളും 10000 കോടി നിക്ഷേപവും ഉണ്ടായിരുന്നു. ഇപ്പോളിത് 23080 സ്ഥാപനങ്ങളും 12600 ബ്രാഞ്ചുകളും നാല് ലക്ഷം ഫയലുകളുമായി വർദ്ധിച്ചു. വകുപ്പിൽ കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തി സ്റ്റാഫിന്റെ എണ്ണം പുനഃസംഘടിപ്പിക്കുന്നതിനുള്ള പ്രൊപ്പോസൽ അടുത്ത കാലത്ത് സഹകരണ വകുപ്പിൽ നിന്ന് സർക്കാരിലേക്ക് സമർപ്പിച്ചെങ്കിലും തുടർ നടപടികൾ ഒന്നുമായില്ല.

16 ക്രെഡിറ്റ് സംഘങ്ങൾക്ക് ഒരു യൂണിറ്ര് ഇൻസ്പെക്ടർ എന്ന തോതിലായിരുന്നു നാല് പതിറ്റാണ്ട് മുമ്പുള്ള ചുമതല. ഇപ്പോൾ 23080 സംഘങ്ങൾക്ക് 272 യൂണിറ്റ് ഇൻസ്പെക്ടർമാരേയുള്ളു. നിയമ പ്രകാരം യൂണിറ്റ് ഓഡിറ്റർമാർ പ്രതിവർഷം 30 ഓഡിറ്റ് വരെ നടത്തിയാൽ മതി. എന്നാൽ പ്രതിമാസം 10 ഓഡിറ്റ് വരെ 24 പ്രവൃത്തി ദിവസം കൊണ്ട് നടത്തേണ്ടിവരുന്നതിനാൽ എല്ലാ ക്രമക്കേടുകളും കണ്ടെത്താനും കഴിയുന്നില്ല.

പുതിയ നിയമനം നടത്താത്തത് പി.എസ്.സിയുടെ ജൂനിയർ കോ- ഓപ്പറേറ്റീവ് ഇൻസ്പെക്‌ടർ പരീക്ഷയെഴുതി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളെയും കടുത്ത നിരാശയിലേക്ക് തള്ളിവിടുകയാണ്.

പിന്തുടരുന്നത് പഴയ സ്റ്റാഫ് പാറ്റേൺ

 1981 ലെ സ്റ്റാഫ് പാറ്റേണാണ് വകുപ്പ് പിന്തുടരുന്നത്

 ഓഡിറ്റ് ജീവനക്കാരുടെ എണ്ണത്തിൽ 40 വർഷമായി മാറ്റമില്ല

 ശമ്പളം നൽകുന്നത് സംഘങ്ങളിൽ നിന്നുതന്നെ

സർക്കാരിന് അധിക ബാദ്ധ്യതയില്ല

സഹകരണ സ്ഥാപനങ്ങളിൽ കൺകറന്റ് ഓഡിറ്റിൽ ഓഡിറ്ററുടെ ശമ്പളം മുഴുവനായി ഓഡിറ്റ് കോസ്റ്റായും, യൂണിറ്റ് ഓഡിറ്റിൽ ഓഡിറ്റ് ഫീസായും, സെയിൽ ഓഫീസർ തസ്‌തികയിൽ അവരുടെ ശമ്പളം കോസ്റ്റായും സംഘങ്ങളിൽ നിന്ന് തന്നെയാണ് ഈടാക്കുന്നതിനാൽ ജീവനക്കാരുടെ വേതന കാര്യത്തിൽ സർക്കാരിന് യാതൊരു അധിക ബാദ്ധ്യതയുമില്ല.