കൊല്ലം: ക്ലാപ്പന ഷൺമുഖ വിലാസം എച്ച്.എസ്.എസിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘം കനത്തെ മഴയെ തുടർന്ന് മണിക്കൂറുകളോളം അച്ചൻകോവിൽ ഉൾവനത്തിൽ കുടുങ്ങി. 29 വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരുമടങ്ങുന്ന സംഘത്തെ രാത്രി 11.30 ഓടെ മടക്കിയെത്തിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് സ്കൂളിൽ നിന്ന് സംഘം പുറപ്പെട്ടത്. ഇന്നലെ ഉച്ചയോടെ ട്രക്കിംഗിന് പോയപ്പോൾ രണ്ട് വനപാലകരും ഒപ്പമുണ്ടായിരുന്നു. വൈകിട്ട് അഞ്ചോടെ ഇറങ്ങാനായിരുന്നു ധാരണ. പക്ഷെ കനത്ത മഴയും മൂടൽ മഞ്ഞും ഉണ്ടായി. മഴ മാറിയ ശേഷം തിരിച്ചിറങ്ങാമെന്ന് കരുതി കാത്തിരുന്നതോടെ രാത്രി വൈകി. ഇതോടെ ഒപ്പമുണ്ടായിരുന്ന വനപാലകർക്കും മടക്കയാത്രയ്ക്കുള്ള വഴി അറിയാത്ത അവസ്ഥയായി. അച്ചൻകോവിൽ ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് കൂടുതൽ സംവിധാനങ്ങളുമായെത്തി രാത്രി പതിനൊന്നരയോടെ എല്ലാവരെയും പുറപ്പെട്ട സ്ഥലത്ത് തിരികെയെത്തിച്ചു.
പഠനയാത്ര സംഘത്തിലെ മൂന്ന് വിദ്യാർത്ഥികൾ ആരോഗ്യ പ്രശ്നങ്ങൾ കാരണം ട്രക്കിംഗിന് പോയില്ല.