കൊല്ലം: ഹോമിയോപ്പതി സർട്ടിഫിക്കറ്റിന്റെ മറവിൽ അലോപ്പതി ചികിത്സ നടത്തിയിരുന്ന സ്ത്രീ ഉൾപ്പെടെ മൂന്നുപേർ, ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധയിൽ കുടുങ്ങി. സ്ഥാപനങ്ങൾ തത്കാലം പൂട്ടിയ ശേഷം രേഖകൾ ഹാജരാക്കാൻ ഇവർക്ക് നിർദ്ദേശം നൽകി.
തുടർ നടപടികൾ ഇതിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കും. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് രജിസ്ട്രേഷൻ ഇല്ലാതെ ചികിത്സ നടത്തുന്നവരെ കണ്ടെത്താൻ സംസ്ഥാനത്തൊട്ടാകെ നടത്തിയ ഓപ്പറേഷൻ വ്യാജന്റെ ഭാഗമായിട്ടായിരുന്നു ജില്ലയിലെ പരിശോധന.
പുനലൂർ, കുറ്റിവട്ടം, പഴയാറ്റിൻകുഴി എന്നിവിടങ്ങളിൽ നിന്നാണ് മതിയായ രേഖകൾ ഇല്ലാതെ ചികിത്സ നടത്തിയവരെ പിടികൂടിയത്. പുനലൂരിലാണ് സ്ത്രീ വ്യാജ ആലോപ്പതി ചികിത്സ നടത്തിയിരുന്നത്. ഇവരുടെ സ്ഥാപനത്തിൽ നിന്ന് വിവിധ രോഗങ്ങൾക്ക് നൽകുന്ന അലോപ്പതി മരുന്നുകളും സിറിഞ്ചുകളും മറ്റും കണ്ടെടുത്തു. പഴയാറ്റിൻ കുഴിയിൽ നിന്ന് തിരുമ്മൽ, ഉഴിച്ചിൽ തുടങ്ങിയ പഞ്ചകർമ്മ ചികിത്സ അനധികൃതമായി നടത്തിയിരുന്നയാളാണ് കുടുങ്ങിയത്. ഇത്തരത്തിലുള്ള ചികിത്സ നൽകാൻ മതിയായ രേഖകൾ ഇയാളുടെ പക്കലും ഇല്ലായിരുന്നു. അലോപ്പതി ചികിത്സ നടത്തിയിരുന്ന കുറ്റിവട്ടത്തെ സ്ഥാപനത്തിൽ ഡോക്ടറുടെയും മറ്റ് ജീവനക്കാരുടെയും പക്കൽ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ഇവർ രേഖകൾ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ താത്കാലികമായി സ്ഥാപനം പ്രവർത്തിക്കാൻ അനുമതി നൽകി. തുടർ പരിശോധനകൾ നടക്കുന്നുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർ, ഹെൽത്ത് വിജിലൻസ് ഓഫീസർ, പൊലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വഞ്ചനാക്കുറ്റം
കുറ്റം തെളിഞ്ഞാൽ വഞ്ചന അടക്കുമുള്ള വകുപ്പുകൾ ചുമത്തിയാകും കേസെടുക്കുക. ഡോക്ടർമാർ കേരള മെഡിക്കൽ പ്രാക്ടീഷണേഷ്സ് ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്തിരിക്കണമെന്ന് നിയമമുണ്ട്. ഇങ്ങനെ രജിസ്റ്റർ ചെയ്യാത്തവരെ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. ക്ളിനിക്കൽ എസ്റ്റാബ്ളിഷ്മെന്റ് ആക്ട് പ്രകാരം ക്ളിനിക്കൽ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്തിരിക്കണം. ഇതിനായി ഡോക്ടർമാരുടെ യോഗ്യത സർട്ടിഫിക്കറ്റുകൾ അടക്കം അപ്പ് ലോഡ് ചെയ്യണം.