ksrtc
കെ.എസ്.ആർ.ടി.സി

കൊല്ലം: പ്രവർത്തനം ആരംഭിച്ച് ആറ് മാസത്തിനുള്ളിൽ കെ.എസ്.ആർ.ടി.സി കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സർവീസ് വഴി കൈമാറിയത് അരലക്ഷത്തിന് മുകളിൽ കൊറിയറുകളും പാഴ്‌സലുകളും.

ജില്ലയിൽ കൊല്ലം ഉൾപ്പെടെയുള്ള നാല് സെന്ററുകളിൽ നിന്നായി നവംബർ 30 വരെയുള്ള കണക്ക് പ്രകാരം 30ലക്ഷം രൂപയ്ക്ക് മുകളിലാണ് വരുമാനം. സംസ്ഥാനത്താകെ ഒന്നരക്കോടിയിലേറെയും. വരുമാനത്തിൽ മുന്നിൽ എറണാകുളം ജില്ലയാണ്. തിരുവനന്തപുരവും തൃശൂരുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. കൊല്ലം ആറാം സ്ഥാനത്താണ്.
16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ എത്തിക്കുമെന്നതും മറ്റ് കൊറിയർ സർവീസുകളേക്കാൾ 30 ശതമാനം റേറ്റ് കുറവാണെന്നതുമാണ് സംരംഭം ജനപ്രിയമാകാൻ കാരണം. ദിവസവും ഓരോ ഡിപ്പോയിലും 8000 മുതൽ 12,000 രൂപ വരെയാണ് വരുമാനം.

ദിവസവും 500ൽ അധികം പാഴ്‌സലുകളാണ് ജില്ലയിലെ നാല് കേന്ദ്രങ്ങളിൽ നിന്നും അയക്കുന്നത്. ആയിരത്തിലധികം പാഴ്‌സലുകളാണ് ജില്ലയിലെ സെന്ററുകളിലേക്ക് എത്തുന്നത്.

രാവിലെ എട്ട് മുതൽ രാത്രി എട്ടുവരെയാണ് പ്രവർത്തനമെങ്കിലും കൊല്ലം, കൊട്ടാരക്കര കൗണ്ടറുകൾ 24 മണിക്കൂറും പ്രവർത്തിക്കും. ദിവസവേതനാടിസ്ഥാനത്തിൽ എം.പാനൽ ജീവനക്കാരെയാണ് കൗണ്ടറുകളിൽ നിയോഗിച്ചിരിക്കുന്നത്.

വാഴക്കുല മുതൽ യന്ത്രഭാഗങ്ങൾ വരെ

 പാഴ്സലായെത്തുന്നത് വാഴക്കുല മുതൽ വാഹനങ്ങളുടെ യന്ത്രഭാഗങ്ങൾ വരെ

 വയനാട്, മാനന്തവാടി, കൽപ്പറ്റ എന്നിവിടങ്ങളിൽ നിന്ന് പഴവർഗങ്ങൾ തെക്കൻ ജില്ലകളിലേക്ക്

 കർഷകർക്ക് പ്രത്യേക ഇളവ്
 മെഡിക്കൽ ഉപകരണങ്ങൾ, കമ്പ്യൂട്ടറുകൾ, കണ്ണടകൾ എന്നിവയാണ് ജില്ലയിലേക്ക് പ്രധാനമായും എത്തുന്നത്

6 മാസത്തിനുള്ളിൽ 50000 കൊറിയർ

വരുമാനം ₹ 30 ലക്ഷം

ജീവനക്കാർക്ക് ഇൻസെന്റീവ്

കൊറിയറും പാഴ്‌സലും കൃത്യമായി എത്തിക്കുന്ന ജീവനക്കാർക്ക് കെ.എസ്.ആർ.ടി.സി കൊമേഴ്ഷ്യൽ വിഭാഗം ഇൻസെന്റീവും ഏർപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവർക്കും കണ്ടക്ടർക്കും കൊറിയറിന്റെ തൂക്കത്തിന് ആനുപാതികമായി അഞ്ച് ശതമാനവും കൗണ്ടർ സ്റ്റാഫിന് മൂന്ന് ശതമാനമാണ് ഇൻസെന്റീവ്. ശമ്പളത്തിന് പുറമേയാണിത്.

പ്രധാന ഡിപ്പോയായ കൊല്ലത്താണ് കൂടുതൽ കൊറിയറുകളും പാഴ്‌സലുകളും എത്തുന്നത്. നൂറ് ശതമാനം വളർച്ചയാണ് ആറ് മാസത്തിനുള്ളിൽ നേടിയത്.

കെ.എസ്.ആർ.ടി.സി അധികൃതർ