കൊല്ലം: മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് നടത്തുന്ന ആഡംബര യാത്ര ധൂർത്തിന്റെ പര്യായമാണെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ.ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളവും പെൻഷനും സമൂഹത്തിലെ ഏറ്റവും പിന്നാക്കകാർക്ക് ലഭിക്കുന്ന സാമൂഹിക പെൻഷനും മറ്റ് പല ആനുകൂല്യങ്ങളും മാസങ്ങളായി തടഞ്ഞുവച്ചിരിക്കുകയാണ്. സമസ്ത മേഖലയും സ്തംഭിച്ചിരിക്കുമ്പോഴാണ് കോടികൾ ചെലവാക്കി നവകേരള സദസ് സംഘടിപ്പിക്കുന്നത്. ഇത് തികച്ചും അപലപനീയമായതിനാലാണ് യു.ഡി.എഫ് സഹകരിക്കാത്തതെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
കൊല്ലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.സി.സി ഓഫീസിലെ എ.എ.റഹീം മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി.ഗീതാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ, കെ.പി.സി.സി സെക്രട്ടറി സൂരജ് രവി, ഡി.സി.സി വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ജോർജ്.ഡി.കാട്ടിൽ, കൃഷ്ണവേണി.ജി.ശർമ്മ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനിൽ പന്തളം, ബ്ലോക്ക് പ്രസിഡന്റുമാരായ പാലത്തറ രാജീവ്, പ്രാക്കുളം സുരേഷ്, ഡോ. ഉദയ സുകുമാരൻ, ആർ.രമണൻ, എഫ്.അലക്സാണ്ടർ, എ.കെ.സാബ് ജാൻ, കുരീപ്പുഴ യഹിയ, ജി.ചന്ദ്രൻ, രഞ്ജിത്ത് കലുങ്കുമുഖം തുടങ്ങിയവർ സംസാരിച്ചു.