
കൊല്ലം: പൂയപ്പള്ളിയിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. ഡി.ഐ.ജി ആർ.നിശാന്തിനിയാണ് റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം.ജോസിന്റെ നേതൃത്വത്തിൽ 13 അംഗ സംഘത്തെ നിയോഗിച്ചത്.
സംഭവം വൻ വിവാദമായതോടെ അഡീഷണൽ എസ്.പി ആർ.പ്രതാപൻ നായരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ 39 അംഗ അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. പൂയപ്പള്ളി സി.ഐ എസ്.ടി.ബിജുവായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. എ.ഡി.ജി.പി എം.ആർ.അജിത്ത്കുമാറും ഡി.ഐ.ജി ആർ.നിശാന്തിനിയും കൊല്ലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്നു. പൂയപ്പള്ളി സി.ഐ എസ്.ടി.ബിജു, പൂയപ്പള്ളിയിലെ എസ്.ഐമാരായ അഭിലാഷ്, സജി ജോൺ, അഡീഷണൽ എസ്.ഐമാരായ രാജേഷ്, ജിജിമോൾ, അംബിക, ഗ്രേഡ് എസ്.ഐ മനോജ്കുമാർ, സീനിയർ സി.പി.ഒമാരായ ബിനു, ഷിജു, ബിജീഷ്, മഹേഷ് മോഹൻ, ജിജി സനോജ് എന്നിവരാണ് പുതിയ അന്വേഷണ സംഘത്തിലെ അംഗങ്ങൾ.
ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി കേസിന്റെ അന്വേഷണം ഏറ്റെടുത്തതായുള്ള റിപ്പോർട്ടിനൊപ്പം പ്രതികളെ കസ്റ്റഡിയിൽ വിട്ടുനൽകാനുള്ള അപേക്ഷയും ഇന്നലെ കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിൽ നൽകി. അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. പുതിയ അന്വേഷണ സംഘം ഇന്നലെ പ്രത്യേക യോഗം ചേർന്ന് ആക്ഷൻ പ്ലാൻ തയ്യാറാക്കി.
പിടിക്കപ്പെടുമെന്ന് കരുതിയില്ലെന്ന് അനിതകുമാരി
ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ റിമാൻഡിൽ കഴിയുന്ന രണ്ടാംപ്രതി എം.ആർ.അനിതകുമാരി അട്ടക്കുളങ്ങര വനിതാ ജയിലിൽ ഉദ്യോഗസ്ഥരോട് സംസാരിച്ചപ്പോൾ വികാരാധീനയായി. 'പറ്റിപ്പോയി, പിടിക്കപ്പെടുമെന്ന് ഒരിക്കലും കരുതിയില്ല' ജയിൽ ഉദ്യോഗസ്ഥരോട് അനിത കുമാരി പറഞ്ഞു. ജയിലിൽ പൊതുവേ ശാന്തയായാണ് ഇവർ പെരുമാറുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തറ തുടയ്ക്കലാണ് അനിത കുമാരിക്ക് നൽകിയിരിക്കുന്ന ജോലി. അനിതകുമാരിയെയും കൂട്ടുപ്രതിയായ മകൾ അനുപമയെയും വെവ്വേറെ സെല്ലുകളിലാണ് പാർപ്പിച്ചിരിക്കുന്നത്. അനുപമയ്ക്ക് പ്രത്യേക ജോലിയൊന്നും നൽകിയിട്ടില്ല. സഹതടവുകാരോട് മിണ്ടാതെ സെല്ലിന്റെ മൂലയിൽ ഒരേ ഇരിപ്പാണ് അനുപമയെന്ന് ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു.