കൊല്ലം: കുരീപ്പുഴ വെസ്റ്റ് ഡിവിഷനിൽ 9 മാസം നീണ്ടുനിന്ന കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുന്നു. മണലിക്കട ഭാഗത്ത് തകരാറിലായ കുഴൽകിണറിന് പകരം മണലിൽ ശിവക്ഷേത്രത്തിന് സമീപം മറ്റൊന്ന് നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. പത്ത് ദിവസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകും.
പ്രദേശത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തെപ്പറ്റി കഴിഞ്ഞ ആഗസ്റ്റ് 14ന് 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ
അടിസ്ഥാനത്തിലാണ് അധികൃതർ വേഗം ടെൻഡർ നടപടികൾ പൂർത്തിയാക്കി പുതിയ കുഴൽകിണർ നിർമ്മിക്കുന്നത്. മതേതര നഗർ, ശാന്തി നഗർ, മുതിരപ്പറമ്പ് നഗർ, മണലിൽ നഗർ, ആശാൻ ജംഗ്ഷൻ എന്നിവിടങ്ങളിലെ 2200ഓളം കുടുംബങ്ങളുടെ കുടിവെള്ള ദുരിതത്തിനാണ് അറുതിയാകുന്നത്.
നിരവധി തവണ കുഴൽകിണറിനായി ടെൻഡർ വിളിച്ചെങ്കിലും ആരും എടുത്തില്ല. ഒടുവിൽ കഴിഞ്ഞ തവണ നടത്തിയ ടെൻഡറിൽ സുബലാൽ എന്ന കരാറുകാരൻ നാടിന് ആശ്വാസം പകർന്ന് രംഗത്തെത്തുകയായിരുന്നു. കിണർ കുഴിക്കാനുള്ള സാധന സാമഗ്രികൾ കരാറുകാർ മണലിൽ ഭാഗത്ത് കഴിഞ്ഞ ദിവസം എത്തിച്ചു. കഴിഞ്ഞ മാർച്ചിലാണ് മണലിൽ ഭാഗത്ത് സ്ഥാപിച്ചിരുന്ന കുഴൽകിണറിലെ മോട്ടോറിൽ ചെളി അടിഞ്ഞ് പ്രവർത്തന രഹിതമായത്. ഇതോടെ പ്രദേശവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലായിരുന്നു.
കാശുകൊടുത്ത് വെള്ളം വാങ്ങി
ഭൂരിഭാഗം വീടുകളിലും കിണറുകൾ ഇല്ലാത്തതിനാൽ കോർപ്പറേഷനിൽ നിന്ന് എത്തിക്കുന്ന വെള്ളത്തെയാണ് ആശ്രയിച്ചിരുന്നത്. ഇത് വീട്ടാവശ്യത്തിന് പോലും തികഞ്ഞിരുന്നില്ല. പലപ്പോഴും സ്വകാര്യ ഏജൻസികളിൽ നിന്നു പണം കൊടുത്ത് വെള്ളം വാങ്ങേണ്ട സ്ഥിതിയുമുണ്ടായി. കുഴൽകിണർ നിർമ്മിക്കാനുള്ള സാധനസാമഗ്രികളുടെ ദൗർലഭ്യവും ടെൻഡർ എടുക്കാൻ ആളില്ലെന്ന കാരണവും പറഞ്ഞ് ഭൂഗർഭ ജല വകുപ്പ് പദ്ധതി നീട്ടിക്കൊണ്ടുപോകുന്നു എന്നായിരുന്നു നാട്ടുകാരുടെ പരാതി. ഇതിനിടെ നാട്ടുകാർ ജല അതോറിട്ടി ഓഫീസ് ഉപരോധിക്കുകയും ചെയ്തിരുന്നു.