
കൊല്ലം: പാരിപ്പള്ളി യു.കെ.എഫ് എൻജിനിയറിംഗ് കോളേജും പ്രമുഖ ജർമ്മൻ കമ്പനിയായ ടി.യു.വി റെയിൻലാൻഡും തമ്മിൽ തൊഴിലധിഷ്ഠിത കോഴ്സുകളിൽ ധാരണാപത്രം ഒപ്പുവച്ചു. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് അന്താരാഷ്ട്ര നിലവാരമുള്ള സർട്ടിഫിക്കറ്റുകളാണ് നൽകുന്നത്.
വിദ്യാർത്ഥികൾക്ക് അന്തർദേശീയ തലത്തിൽ മികവുറ്റ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി വ്യാവസായിക, തൊഴിൽ മേഖലകളിൽ പരിശീലനം നൽകി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുകയാണ് ലക്ഷ്യമിടുന്നത്. പഠനത്തിന്റെ ഭാഗമായി മികച്ച വ്യാവസായിക പരിശീലനം ലക്ഷ്യമിട്ടുള്ള വിശാലമായ പാഠ്യപദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. സമൂഹത്തിന്റെ താഴെ തട്ടിലുള്ള വിദ്യാർത്ഥികൾക്ക് നാല് വർഷത്തെ എൻജിനിയറിംഗ് പഠനത്തോടൊപ്പം ജർമ്മൻ ഭാഷാ പരിജ്ഞാനവും ജർമ്മനിയിലും മറ്റു വിദേശ രാജ്യങ്ങളിലും തൊഴിൽ ലഭ്യമാക്കാനും ഉതകുന്ന ധാരണാ പത്രം കൊളേജ് ചെയർമാൻ ഡോ. എസ്. ബസന്തും ടി.യു.വി ഇൻഡ്യൻ റെപ്രസെന്റേറ്റീവും അസിസ്റ്റന്റ് മാനേജരുമായ രഞ്ജിത്ത് ഗോപാലകൃഷ്ണനും ചേർന്നാണ് ഒപ്പുവച്ചത്. കോളേജ് ഡയറക്ടർ അമൃത പ്രശോബും ടി.യു.വി ഇന്റർനാഷണൽ പ്രോഡക്ട് മാനേജർ ജൂലിയൻ ഫുർക്കർട്ടും തമ്മിൽ ധാരണ പത്രം കൈമാറി. തുടർന്ന് ജൂലിയൻ ഫുർക്കർട്ട് കോളേജ്
സന്ദർശിച്ച് വിവിധ വകുപ്പ് മേധാവികളും അദ്ധ്യാപകരും വിദ്യാർത്ഥികളുമായി സംവദിച്ചു. എക്‌സിക്യുട്ടീവ് ഡയറക്ടർ പ്രൊഫ. ജിബി വർഗീസ്, രഞ്ജിത്ത് ഗോപാലകൃഷ്ണൻ എന്നിവർ ധാരണാപത്രത്തിന്റെ സാദ്ധ്യതകൾ വിവരിച്ചു.
പ്രിൻസിപ്പൽ ഡോ. ഇ. ഗോപാലകൃഷ്ണ ശർമ, വൈസ് പ്രിൻസിപ്പൽ ഡോ.വി.എൻ. അനീഷ്, ഡീൻ അക്കാഡമിക് ഡോ. ജയരാജു മാധവൻ, ഡീൻ സ്റ്റുഡന്റ് അഫയേഴ്‌സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, പോളിടെക്‌നിക് വൈസ് പ്രിൻസിപ്പൽ പ്രൊഫ.ജിതിൻ ജേക്കബ്, വിവിധ ഡിപ്പാർട്ട്‌മെന്റ് മേധാവികളായ ഡോ. എം. നസീർ, ഡോ. എൻ.കെ. മുഹമ്മദ് സാജിദ്, ഡോ. പി. ശ്രീജ, യു കാർസ് കോ ഓർഡിനേറ്റർ ആർ. എസ്. റിങ്കു, സ്‌കിൽ കോ ഓർഡിനേറ്റർ എസ്. ശ്രീരാജ്, അസി. പ്രൊഫ. ശ്രുതി. എസ്.ദേവൻ എന്നിവർ സംസാരിച്ചു.