ddd
കൊട്ടാരക്കര നീലേശ്വരം പത്തീലഴികത്ത് വീട്ടിൽ രാജമ്മയെ ആശ്രയ സങ്കേതം ഏറ്റെടുക്കുന്നു

കൊട്ടാരക്കര: ആറ് മക്കളുണ്ടായിട്ടും സംരക്ഷിക്കാനാരുമില്ലാതിരുന്ന വയോധികയ്ക്ക് കലയപുരം ആശ്രയ സങ്കേതം അഭയം നൽകി. കൊട്ടാരക്കര നീലേശ്വരം പത്തീലഴികത്ത് വീട്ടിൽ രാജമ്മയെയാണ് (100) ആശ്രയ സങ്കേതം ഏറ്റെടുത്തത്. മൂന്ന് ആണും മൂന്നു പെണ്ണുമാണ് രാജമ്മയുടെ മക്കൾ. അതിൽ രണ്ടുപേർ മരണപ്പെട്ടു. സ്വത്ത് മക്കൾക്കു വീതം വച്ചു നൽകിയപ്പോൾ അവസാനകാലത്ത് ആരെങ്കിലും

കൂടെയുണ്ടാകുമെന്ന് കരുതിയെങ്കിലും രാജമ്മയുടെ പ്രതീക്ഷ മുഴുവൻ നഷ്ടപ്പെട്ടു. തന്റെ സംരക്ഷണത്തെ ചൊല്ലി പരസ്പരം കലഹിക്കുന്ന മക്കളെയാണ് പിന്നീട് കാണാൻ കഴിഞ്ഞത്.

മരുമകളുടെ കൂടെയായിരുന്നു രാജമ്മ നാളിതുവരെ താമസിച്ചുവന്നിരുന്നത്. എന്നാൽ അവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ മറ്റുള്ളവരോട് അമ്മയെ സംരക്ഷിക്കണമെന്നും

തന്റെ ചികിത്സ കഴിയുന്ന മുറയ്ക്ക് അമ്മയെ തിരികെ കൊണ്ടുപോകാമെന്നും പറഞ്ഞെങ്കിലും മക്കളാരും

അമ്മയെ ഏറ്റെടുക്കാൻ തയ്യാറായില്ല. സംഭവം ശ്രദ്ധയിൽപ്പെട്ട നഗരസഭ ചെയർമാൻ എസ്.ആർ.രമേശും വാർഡ് കൗൺസിലർ കണ്ണാട് രവിയും മക്കളുമായി സംസാരിച്ചെങ്കിലും ആരും സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറായില്ല.

ബന്ധുക്കളാരും ഈ നൂറുവയസുകാരിയെ സംരക്ഷിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ നഗരസഭ ചെയർമാൻ ഉൾപ്പെടെയുള്ള ജന പ്രതിനിധികൾ രാജമ്മയെ കലയപുരം ആശ്രയ സങ്കേതത്തിൽ എത്തിക്കുകയായിരുന്നു. പ്രായാധിക്യം തളർത്തിയ രാജമ്മയെ ആശ്രയ സെക്രട്ടറി കലയപുരം ജോസും ഭാരവാഹികളും ചേർന്ന് ഏറ്റെടുത്തു.ശാരീരിക അവശത അനുഭവിക്കുന്ന രാജമ്മ ഇപ്പോൾ തലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.