കൊല്ലം: കേരളത്തിന്റെ വായ്പ പരിധി വർദ്ധിപ്പിക്കാൻ രാജ്യത്താകമാനം പ്രാബല്യത്തിലുളള പൊതു നിബന്ധനകളിൽ ഇളവു വരുത്താൻ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്‌സഭയിൽ വ്യക്തമാക്കി. കേരളത്തിന്റെ ധനകാര്യ പ്രതിസന്ധി കണക്കിലെടുത്ത് വായ്പാ പരിധി വർദ്ധിപ്പിക്കാൻ ഇളവ് നൽകുമോ എന്ന എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
നിലവിലെ വായ്പാപരിധിക്ക് പുറമെ കേരളത്തിന്റെ മൊത്ത ആഭ്യന്തര ചരക്ക് സേവന ഉത്പാദനത്തിന്റെ ഒരു ശതമാനം കൂടി വായ്പ അധികമായി എടുക്കാൻ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
2023-24 സാമ്പത്തിക വർഷം കേരളത്തിന്റെ മൊത്തം വായ്പാ പരിധി 47762.58 കോടി രൂപയാണ്. അതിൽ 29136.71 കോടി പൊതു വിപണി വായ്പ പരിധിയാണ്. ബാക്കി തുക മറ്റ് സ്രോതസ്സുകളിൽ നിന്നുള്ളതും. പൊതു വിപണിയിൽ നിന്ന് 23,852 കോടി വായ്പ എടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വായ്പ സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം എടുക്കാം. പുതിയ പെൻഷൻ സ്‌കീമിൽ സംസ്ഥാന സർക്കാരിന്റെയും ജീവനക്കാരുടെയും വിഹിതത്തിന് തുല്യമായ 3,511 കോടിയും കേരളത്തിന് നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ മൂലധന ചിലവുകൾ വർദ്ധിപ്പിക്കാനും ലിക്വിഡിറ്റി സെട്രസ് കുറയ്ക്കാനുമായി കേന്ദ്ര സർക്കാർ കേരളത്തിന് 50 വർഷത്തെ പലിശ രഹിത വായ്പ അനുവദിച്ചിട്ടുണ്ട്. ഈ വകയിൽ 2021-2022, 2022-23 സാമ്പത്തിക വർഷത്തേക്കായി കേരളത്തിന് 2141 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി ലോക്‌സഭയിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പിയെ അറിയിച്ചു.