കൊല്ലം: കുണ്ടറയിൽ നടന്ന ജില്ലാ കലോത്സവത്തിൽ എച്ച്.എസ്.എസ് നാടക മത്സരത്തിലെ വിധിനിർണയവുമായി ബന്ധപ്പെട്ട് അപ്പീൽ അനുവദിച്ചതിൽ അപാകതയുണ്ടെന്ന് ആരോപിച്ച് തേവള്ളി ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ ടീം ഡി.ഡി.ഇ ഓഫീസിലെത്തി പ്രതിഷേധിച്ചു.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. രണ്ടാം സ്ഥാനക്കാരായ തേവള്ളി ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ ടീം, മൂന്നാംസ്ഥാനം നേടിയ കാഞ്ഞിരകോട് സെന്റ് ആന്റണീസ് എച്ച്.എസ്.എസ് ടീം എന്നിവർ ഉൾപ്പെടെ ആറ് ടീമുകൾ ഡി.ഡി.ഇയ്ക്ക് അപ്പീൽ നൽകിയിരുന്നു.
എന്നാൽ അപ്പീൽ പരിഗണിച്ച ഡി.ഡി.ഇ നാടകത്തിൽ മൂന്നാം സ്ഥാനം നേടിയ കാഞ്ഞിരകോട് സെന്റ് ആന്റണീസ് എച്ച്.എസ്.എസ് ടീമിന്റെ അപ്പീൽ പരിഗണിക്കുകയും ഇവർക്ക് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ അനുമതി നൽകുകയും ചെയ്തു. രണ്ടാം സ്ഥാനക്കാരായ ബോയ്‌സ് ടീമിന് അനുമതി നൽകിയതുമില്ല.
രണ്ടാം സ്ഥാനക്കാരെ പരിഗണിക്കാതെ മൂന്നാം സ്ഥാനക്കാരെ പരിഗണിച്ച നടപടി ശരിയായില്ലെന്ന് ആരോപിച്ചാണ് തേവള്ളി ബോയ്‌സ് ടീം ഡി.ഡി.ഇ ഓഫീസിലെത്തി പ്രതിഷേധമറിയിച്ചത്. കോടതിയെ സമീപിക്കുമെന്ന് ടീം വ്യക്തമാക്കി.
ജില്ലാ കലോത്സവത്തിലെ വിവിധ മത്സരങ്ങളിലെ വിധി നിർണയത്തിനെതിരെ ലഭിച്ച 228 അപ്പീലുകൾ തീർപ്പാക്കി. ഇതിൽ 33 അപ്പീലുകൾ അനുവദിച്ചു.
നാടകങ്ങൾ കണ്ട ശേഷമാണ് കാഞ്ഞിരകോട് സെന്റ് ആന്റണീസിന്റെ നാടകം ജൂറി തിരഞ്ഞെടുത്തത്. എല്ലാം നിയമപരമാണ്.
ഡി.ഡി.ഇ