a
ഗുരുധർമ്മ പ്രചരണ സഭ കൊല്ലം ജില്ലാ കമ്മിറ്റി തീരുമാനങ്ങൾ

ഓയൂർ: ശിവഗിരി തീർത്ഥാടനത്തിന് മുന്നോടിയായി ഗുരുധർമ്മ പ്രചരണ സഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടന വിളംബര സമ്മേളനം സംഘടിപ്പിച്ചു. ജില്ലയിലൂടെ കടന്നുപോകുന്ന ഔദ്യോഗിക ശിവഗിരി തീർത്ഥാടന പദയാത്രകൾക്ക് ഉജ്ജ്വല സ്വീകരണം നൽകാനും വിളംബര സമ്മേളനത്തിന്റെ തുടർച്ചയായി നടന്ന ഗുരുധർമ്മ പ്രചരണസഭ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.

പദയാത്രികർക്ക് ആവശ്യമായ എല്ലാ സൗകര്യംങ്ങളും സഹായങ്ങളും ജില്ലാ കമ്മിറ്റിയുടെയും മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കി നൽകും. ആലുവയിൽ നിന്നുള്ള സർവമത സമ്മേളന ശതാബ്ദി പദയാത്രയെ വാരണപ്പള്ളിയിൽ ജില്ലാ കമ്മിറ്റിയും കരുനാഗപ്പള്ളി, ചവറ, കൊല്ലം, ഇരവിപുരം ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയും ചേർന്ന് വരവേൽക്കും. വൈക്കത്ത് നിന്നുള്ള വൈക്കം സത്യാഗ്രഹ ശതാബ്ദി പദയാത്രയെ ശാസ്താംകോട്ട ഭരണിക്കാവിൽ ജില്ലാ കമ്മിറ്റിയും കുന്നത്തൂർ, കുണ്ടറ, കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയും ചേർന്ന് വരവേൽക്കും. പത്തനംതിട്ട ഇലവുംതിട്ടയിൽ നിന്നുള്ള മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷിക പദയാത്രയെ പത്തനാപുരത്ത് ജില്ലാ കമ്മിറ്റിയും പത്തനാപുരം, പുനലൂർ, ചടയമംഗലം മണ്ഡലം കമ്മിറ്റികളും ചേർന്ന് സ്വീകരിക്കും.

ചാത്തന്നൂരിൽ നടന്ന വിളംബര സമ്മേളനവും ജില്ലാ കമ്മിറ്റി യോഗവും ശിവഗിരി മഠത്തിലെ സ്വാമി ദേവാത്മാനന്ദ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എസ്.മണിലാൽ അദ്ധ്യക്ഷത വഹിച്ചു. സഭാ രജിസ്ട്രാർ, അഡ്വ. പി.എം.മധു മുഖ്യപ്രഭാഷണവും ജില്ലാ സെക്രട്ടറി പന്മന സുന്ദരേശൻ സംഘടനറിപ്പോർട്ടും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ. ശശിധരൻ, അഡ്വ. എം.പി.സുഗതൻ, ജില്ലാ ജോ. സെക്രട്ടറി വെഞ്ചേമ്പ് മോഹൻദാസ്, ജില്ലാ ട്രഷറർ ഓയൂർ സുരേഷ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.കെ.സുധാകരൻ, കുളത്തൂപ്പുഴ രാമകൃഷ്ണൻ, മാതൃസഭാ കേന്ദ്ര സമിതി കൺവീനർ ശ്രീജ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബീന അന്തേൽ, സുമ മനു തുടങ്ങിയവർ പങ്കെടുത്തു.