കൊല്ലം: സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ധ്രുതഗതിയിൽ നടപടി സ്വീകരിക്കാൻ കേരള പൊലീസ് ആരംഭിച്ച അപരാജിത ഓൺലൈൻ പോർട്ടലിൽ കൊല്ലം സിറ്റി പൊലീസ് പരിധിയിൽ ഇതുവരെ ലഭിച്ചത് 43 പരാതികൾ.
2021ൽ 22 പരാതികളാണ് ലഭിച്ചത്. ഇതിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. നാലെണ്ണം വുമൺ - ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറിന് കൈമാറി. പരാതിപ്പെടുന്നവർക്കുള്ള നിയമ സഹായം, കൗൺസലിംഗ് എന്നിവയാണ് പ്രൊട്ടക്ഷൻ ഓഫീസറുടെ മേൽനോട്ടത്തിൽ നൽകുന്നത്.
2022ൽ 15 പരാതികളാണ് ലഭിച്ചത്. ഇതിൽ രണ്ട് കേസുകൾ രജിസ്റ്രർ ചെയ്തു. 2023 ഇതുവരെ ആറ് പരാതികൾ ലഭിച്ചു. ഗാർഹിക പീഡന പരാതികളാണ് കൂടുതലും. പൊലീസ് ഇടപെടലും കൗണസലിംഗുമൊക്കെയായി ഭൂരിഭാഗം പരാതികളും ഒത്തുതീർപ്പാകാറാണ് പതിവ്.
സൈബർ പൊലീസ്, സൈബർ സെൽ, ഹൈടെക്ക് ക്രൈം എൻക്വയറി സെൽ, സൈബർ ഡോം തുടങ്ങിയവയുടെ സഹായവും പരാതികൾ അന്വേഷിക്കുന്നതിന് ഉപയോഗപ്പെടുത്തുന്നുണ്ട്. ലഭിക്കുന്ന പരാതികൾ അതാത് ജില്ലാ പൊലീസ് മേധാവിക്കും പൊലീസ് സ്റ്റേഷനിലും വുമൺ സെല്ലിനും പരിശോധിക്കാൻ സാധിക്കും.
മോൽനോട്ടം വനിത സെൽ സൂപ്രണ്ടിന്
സ്ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ പരാതി സ്വീകരിക്കാനും നടപടിയെടുക്കാനുമാണ് അപരാജിത ഓൺലൈൻ പോർട്ടൽ ആരംഭിച്ചത്
ഗാർഹിക - സ്ത്രീധന പീഡനങ്ങൾ വർദ്ധിച്ചതോടെ അത്തരം പരാതികളും ഉൾപ്പെടുത്തി 2021ൽ വിപുലപ്പെടുത്തി
അപരാജിത ഓൺലൈൻ പോർട്ടൽ വഴിയും ഇ- മെയിൽ വഴിയും ഫോൺ മുഖേനയും പരാതികൾ നൽകാം
വനിത സെൽ സൂപ്രണ്ടിന്റെ മേൽനോട്ടത്തിലാണ് അപരാജിത ഓൺലൈൻ പോർട്ടൽ പ്രവർത്തിക്കുന്നത്
ആരംഭിച്ചത് - 2021ൽ
ഹെൽപ്പ് ലൈൻ: 9497996992
ഇ-മെയിൽ- aparajitha.pol@kerala.gov.in
പരാതി നൽകുന്നവർ സ്റ്റേഷനിൽ നേരിട്ട് വരേണ്ടതില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വീട്ടിലെത്തി പ്രശ്നങ്ങൾ പരിഹരിക്കും. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
പൊലീസ് അധികൃതർ