കൊല്ലം: ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് കേരളകൗമുദിയെന്ന് എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് എക്സി. അംഗവുമായ എ.സോമരാജൻ പറഞ്ഞു.

എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഹാളിൽ നടന്ന പത്രാധിപർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാക്കാലത്തും പാവപ്പെട്ടവർക്കും സാധാരണക്കാർക്കുമൊപ്പം നിൽക്കുന്ന പത്രമാണ് കേരളകൗമുദി. എവിടെ സാധാരണക്കാർക്ക് നേരെ അവഗണന ഉണ്ടായാലും എവിടെ നീതി നിഷേധിക്കപ്പെട്ടാലും അവിടെ കേരളകൗമുദിയുടെ ശബ്ദം ഉയരും. പ്രതികരണ ശേഷിയില്ലാത്തവർക്ക് വേണ്ടി കേരളകൗമുദി പോരാട്ടവീറോടെ പ്രതിഷേധം ഉയർത്തുന്നു. പത്രാധിപർക്ക് ഭാരത സർക്കാർ നൽകിയ പത്മഭൂഷൺ പുരസ്കാരം കേരളത്തിലെ പിന്നാക്ക വിഭാഗങ്ങൾക്ക് ലഭിച്ച അംഗീകാരം കൂടിയാണ്. പിന്നാക്കക്കാരെ ഉദ്യോഗങ്ങളിൽ നിന്ന് മാറ്റിനിറുത്താനുള്ള 1957ലെ ഭരണപരിഷ്കാര കമ്മിഷൻ റിപ്പോർട്ടിനെ അട്ടിമറിച്ചത് പത്രാധിപർ സുകുമാരനാണ്. എല്ലാ ഘട്ടങ്ങളിലും ലാഭേച്ഛയില്ലാതെയാണ് കേരളകൗമുദി പ്രവർത്തിക്കുന്നതെന്നും സോമരാജൻ പറഞ്ഞു.

കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷനായി. മികച്ച ഏജന്റുമാർക്കുള്ള പത്രാധിപർ സ്മാരക പുരസ്കാരം എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗവുമായ മോഹൻ ശങ്കർ സമ്മാനിച്ചു. എസ്.എൻ.ഡി.പി യോഗം കൗൺസിലറും എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗവുമായ പി.സുന്ദരൻ, കൊല്ലം യൂണിയൻ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗവുമായ എൻ.രാജേന്ദ്രൻ, കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.

കേരളകൗമുദി ഏജന്റുമാരായ എസ്.ശശിധരൻപിള്ള, എം.അബ്ദുൾ റഹ്മാൻകുഞ്ഞ്, പി.ജി.ലക്ഷ്മണൻ, എ.രവീന്ദ്രൻ, ടി.ജയചന്ദ്രൻ, ഷാജി ഗംഗാധരൻ, എം.ഷെമീർ, എൻ.ശിവകുമാർ എന്നിവർ പത്രാധിപർ സ്മാരക അവാർഡ് ഏറ്റുവാങ്ങി. കേരളകൗമുദി കരുനാഗപ്പള്ളി ലേഖകൻ ആർ.രവി സ്വാഗതവും കേരളകൗമുദി ഡെപ്യൂട്ടി ജനറൽ മാനേജർ എച്ച്.അജയകുമാർ നന്ദിയും പറഞ്ഞു.

പിന്നാക്കക്കാർക്ക് ഉദ്യോഗങ്ങൾ ഉറപ്പാക്കിയത്

പത്രാധിപർ: മോഹൻ ശങ്കർ

പത്രാധിപർ കെ.സുകുമാരനാണ് കേരളത്തിലെ പിന്നാക്കക്കാർക്ക് സർക്കാർ ഉദ്യോഗങ്ങൾ ഉറപ്പാക്കിയതെന്ന് മോഹൻ ശങ്കർ പറഞ്ഞു. പത്രാധിപർ ഇല്ലായിരുന്നെങ്കിൽ സാമ്പത്തിക സംവരണം ഏഴ് പതിറ്റാണ്ട് മുമ്പേ ഇവിടെ നടപ്പാക്കി പിന്നാക്കക്കാരുടെ അവസ്ഥ കൂടുതൽ ദുരിത പൂർണമായേനെ. കേരളകൗമുദി ഏപ്പോഴും പിന്നാക്കക്കാർക്കൊപ്പം അടിയുറച്ച് നിൽക്കുന്നു. തീക്കാറ്റിന്റെ ശക്തിയുള്ളതാണ് കേരളകൗമുദി എഡിറ്റോറിയൽ. എല്ലാ പത്രങ്ങൾക്കും രാഷ്ട്രീയമുണ്ട്. എന്നാൽ കേരളകൗമുദിയുടേത് നിഷ്‌പക്ഷ രാഷ്ട്രീയമാണ്. രാഷ്ട്രീയത്തിന് അതീതമായി സാമൂഹ്യ, സാമ്പത്തിക പ്രശ്നങ്ങൾക്ക് കേരളകൗമുദി മുൻതൂക്കം നൽകുന്നു. സാമ്പത്തിക താൽപ്പര്യങ്ങൾക്ക് വഴങ്ങാതെ കേരളകൗമുദി എപ്പോഴും പിന്നാക്കക്കാർക്കായി ശബ്ദമുയർത്തുന്നു. ഏജന്റുമാർ പത്രങ്ങളുടെ നട്ടെല്ലാണെന്നും അദ്ദേഹം പറഞ്ഞു.

കേരളകൗമുദിക്ക് പ്രത്യേക രുചി: കെ.സുശീലൻ

പ്രത്യേകരുചിയുള്ള പത്രമാണ് കേരളകൗമുദിയെന്ന് കെ.സുശീലൻ പറഞ്ഞു. കേരളകൗമുദി വാർത്തകൾക്കും ചിത്രങ്ങൾക്കും വിന്യാസത്തിനും പുറമേ എഡിറ്റോറിയലും കരുത്തുറ്റതാണ്. കേരളകൗമുദി വായിച്ചില്ലെങ്കിൽ ദിവസം പൂർണമാകില്ലെന്ന് ചിന്തിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുണ്ട്. അവശത അനുഭവിക്കുന്ന പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേരളകൗമുദി അക്ഷീണം പ്രവർത്തിക്കുന്നു. തലയ്ക്ക് വില പറഞ്ഞ ബ്രട്ടീഷുകാരുടെ കണ്ണിൽപ്പെടാതെ ഇ.എം.എസിനെ ഒളിവിൽപ്പാർപ്പിച്ചത് കണ്ണൂരിലെ തീയ സമുദായക്കാരനായ പൊക്കനായിരുന്നു. അത് മറന്നാണ് പിന്നാക്കക്കാർക്ക് കാര്യക്ഷമതയില്ലെന്ന് ഇ.എം.എസ് റിപ്പോർട്ട് ഉണ്ടാക്കിയത്. പത്രാധിപർ ഇല്ലായിരുന്നെങ്കിൽ ഇ.എം.എസ് സർക്കാർ സാമ്പത്തിക സംവരണം അന്ന് നടപ്പാക്കുമായിരുന്നു. പത്രങ്ങളുടെ വളർച്ചയ്ക്കും ഏജന്റുമാർ നടത്തുന്ന അദ്ധ്വാനം മഹത്തരമാണെന്നും കെ. സുശീലൻ പറഞ്ഞു.

കേരളകൗമുദിയില്ലാത്ത ചരിത്രം

കേരളത്തിനില്ല: പി.സുന്ദരൻ

കേരളചരിത്രത്തിലെ നിർണായക ഘടമാണ് കേരളകൗമുദിയും പത്രാധിപർ കെ. സുകുമാരനുമെന്ന് പി.സുന്ദരൻ പറഞ്ഞു. കേരളകൗമുദിയും പത്രാധിപരും ഇല്ലായിരുന്നെങ്കിൽ കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങൾ ഇന്ന് കാണുന്ന അവസ്ഥയിലേക്ക് ഉയരുമായിരുന്നില്ല. ഭയമില്ലാതെ എഴുതാനും പറയാനുമുള്ള കരുത്തായിരുന്നു പത്രാധിപരുടെ ഏറ്റവും വലിയ പ്രത്യേകത. ഗുരുദേവദർശനം ജനങ്ങളിലേക്ക് എത്തിച്ചത് കേരളകൗമുദിയാണ്. വിദ്യാർത്ഥികൾക്ക് മികച്ച മാർക്ക് വാങ്ങാനും യുവാക്കൾക്ക് തൊഴിൽ നേടാനുമുള്ള വിഭവങ്ങളുമായാണ് കേരളകൗമുദി ഓരോ ദിവസവും പുറത്തിറങ്ങുന്നത്. എല്ലാ പിന്നാക്കക്കാരും കേരളകൗമുദിയുടെ വരിക്കാരും വായനക്കാരുമായി മാറണമെന്നും അദ്ദേഹം പറഞ്ഞു.

പോരാട്ടം ഇനിയും ശക്തമാക്കണം:

എൻ. രാജേന്ദ്രൻ

പിന്നാക്ക വിഭാഗങ്ങൾ അവകാശങ്ങൾക്കായുള്ള പോരാട്ടം ഇനിയും ശക്തമാക്കണമെന്ന് എൻ.രാജേന്ദ്രൻ പറഞ്ഞു. ദേവസ്വം ബോർഡ് ജീവനക്കാരിൽ 90 ശതമാനത്തിലധികം മുന്നാക്ക വിഭാഗക്കാരാണ്. അധികാര സ്ഥാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ന്യൂനപക്ഷ സമുദായങ്ങൾ സമ്മർദ്ദം ചെലുത്തി പിടിച്ചുവാങ്ങുകയാണ്. സംഘടിച്ച് കൂടുതൽ ശക്തമായി പോരാടിയാലെ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാവുകയുള്ളു. ഭരണതലത്തിൽ പിന്നാക്ക വിഭാഗക്കാർ കൂടുതലായി എത്തിയാലേ ഇന്നത്ത അവസ്ഥയ്ക്ക് മാറ്റമുണ്ടാകുള്ളു. ഇക്കാര്യത്തിൽ പത്രാധിപർ തുടങ്ങിവച്ച പോരാട്ടം അതിശക്തമായി തുടരണമെന്നും എൻ.രാജേന്ദ്രൻ പറഞ്ഞു.