photo
സംരക്ഷണ ഭിത്തി ഇല്ലാത്ത കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ വരു]ന രണ്ടാം തഴത്തോട്

കരുനാഗപ്പള്ളി: നഗരസഭയുടെ പരിധിയിലൂടെ കടന്ന് പോകുന്ന രണ്ടാം തഴത്തോടിന്റെ വശങ്ങളിൽ സംരക്ഷണ ഭിത്തി നിർമ്മിച്ച് വെള്ളപ്പൊക്ക കെടുതിയിൽ നിന്ന് പ്രദേശത്തെ രക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒന്നും രണ്ടും തഴത്തോടുകൾ തമ്മിൽ സന്ധിക്കുന്ന തോണ്ടലിൽ ശീ നാഗരാജാ ക്ഷേത്രത്തിന് തെക്ക് വശം മുതലാണ് സംരക്ഷണ ഭിത്തി നിർമ്മിക്കേണ്ടത്. ഇവിടെ മുതൽ രണ്ട് തോടുകളും ഒന്നായി ചേർന്ന് ഒഴുകി കൊതുമുക്ക് വട്ടക്കായലിൽ പതിക്കുന്നു. കൃഷി അന്യം നിന്നു പോയതിന് ശേഷം തോടിന്റെ വശങ്ങൾ വൃത്തിയാക്കി ആഴം കൂട്ടുന്ന പ്രവൃത്തികൾ ഒന്നും തന്നെ നടന്നിട്ടില്ല.

വെള്ളപ്പൊക്കക്കെടുതി രൂക്ഷം

തോടിന്റെ വശങ്ങളിൽ വ്യാപകമായ കൈയേറ്റമാണ് നടക്കുന്നത്. തോടിന്റെ വീതിയും ആഴവും കുറഞ്ഞതോടെ മഴ സമയങ്ങളിൽ വെള്ളപ്പൊക്കക്കെടുതി രൂക്ഷമായി. കാലവർഷ, തുലാവർഷ കാലയളവിൽ തോട്ടിൽ നിന്ന് വശങ്ങളിലേക്ക് വെള്ളം കയറി നാശനഷ്ടം ഉണ്ടാകുന്നത് പതിവാണ്. മഴ സീസണിൽ വീടിനുള്ളിലും കാലിത്തൊഴുത്തുകളിലും വെള്ളം കെട്ടി നിൽക്കുന്നതിനാൽ നാട്ടുകാർ പശുക്കൃഷി പൂർണമായും അവസാനിപ്പിച്ചു. 50 ഓളം കുടുംബങ്ങളാണ് വർഷങ്ങളായി വെള്ളക്കെടുതി അനുഭവിക്കുന്നത്. മഴ സമയങ്ങളിൽ തോട്ടിന്റെ ഇരുവശങ്ങളിലുമുള്ള പ്രദേശങ്ങൾ വെള്ളക്കെട്ടായി മാറും. ഈ സമയങ്ങളിൽ ഇവിടെയുള്ളവർ ബന്ധുവീടുകളിലേക്ക് മാറി താമസിക്കുകയാണ് ചെയ്യുന്നത്.

അടിയന്തര നടപടി വേണം

തോട്ടിൽ നിറഞ്ഞിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് ആഴം കൂട്ടുകയും തോടിന്റെ വശങ്ങളിൽ സംരക്ഷണ ഭിത്തി നിർമ്മിക്കുകയും ചെയ്താൽ നിലവിലുള്ള പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ കഴുയുമെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ ഇതിനുള്ള ഒരു നീക്കവും ബന്ധപ്പട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾക്ക് നിരവധി തവണ നിവേദനങ്ങൾ നൽകിയെങ്കിലും ഒരു നടപടിയും നാളിതു വരെ ഉണ്ടായിട്ടില്ല. മഴ ചെറുതായി പെയ്താൽ പോലും തോട് നിറഞ്ഞൊഴുകുന്ന സ്ഥിതിയാണ്. ഇതി പരിഹരിക്കാനുള്ള അടിയന്തര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.


വർഷങ്ങളായി വെള്ളത്തിന്റെ കെടുതി അനുഭവിക്കുകയാണ്. മാനത്ത് മഴക്കാറ് വന്നാൽ തോട്ടിൽ വെള്ളം പൊങ്ങും. വെള്ളപ്പൊക്ക കെടുതി വർദ്ധിച്ചതോടെ ഉപജീവന മാർഗമായ പശുക്കൃഷി അവസാനിപ്പിച്ചു. തോടിന്റെ വശങ്ങളിൽ കരിങ്കൽ ഭിത്തി നിർമ്മിക്കുകയും തോടിന്റെ ആഴം വർദ്ധിപ്പിക്കുകയും ചെയ്താൽ പ്രശ്നത്തിന് പരിഹാരമാകും. എന്നാൽഅധികാരികൾ ഒന്നും ചെയ്യുന്നില്ല. പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ അടുത്തു വരുന്ന തിരഞ്ഞെടുപ്പിൽ ദുരിതം അനുഭവിക്കുന്ന ആരും വോട്ട് ചെയ്യാൻ പോകുകയില്ല. ഇത് ഞങ്ങളുടെ ഉറച്ച തീരുമാനമാണ്.

ഗോപകുമാർ, പ്രദേശവാസി