dd
പൊലീസ് പിടിച്ചെടുത്ത നമ്പർ പ്ളേറ്റ് ഇളക്കിമാറ്റിയ ബൈക്ക്

കൊല്ലം: നമ്പർ പ്ലേറ്റുകൾ ഇളക്കിമാറ്റി നീണ്ടകര മുതൽ കൊല്ലം വരെ ദേശീയപാതയിൽ പൊലീസിനെ വെട്ടിച്ച് അമിതവേഗത്തിൽ അഭ്യാസം കാട്ടിയ യുവാക്കളെ കൊല്ലം സിറ്റി ട്രാഫിക് പൊലീസ് പിടികൂടി.

നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശികളായ അഖിൽരാജ് (19), അനൂപ് (19) എന്നിവരാണ് പിടിയിലായത്. നീണ്ടകര പാലം മുതൽ മറ്റ് വാഹന യാത്രക്കാരെ പരിഭ്രാന്തരാക്കിയാണ് യുവാക്കൾ ബൈക്കോടിച്ചത്. വിവരം അറിഞ്ഞെത്തിയ പൊലീസ് പലയിടങ്ങളിൽ വച്ച് തടയാൻ ശ്രമിച്ചെങ്കിലും വെട്ടിച്ച് കടന്നുകളഞ്ഞു. ഒടുവിൽ ഹൈസ്‌കൂൾ ജംഗ്ഷനിൽ വച്ച് ട്രാഫിക് എസ്.ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.

കൊല്ലത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് ഇരുവരും. എ.ഐ ക്യാമറയിൽ പതിയാതിരിക്കാനാണ് നമ്പർ പ്ലേറ്റ് ഇളക്കിമാറ്റിയതെന്നും അമിതവേഗത്തിൽ വണ്ടിയോടിക്കുന്നത് ഹരമാണെന്നുമാണ് ഇവർ പൊലീസിനോട് പറഞ്ഞു.

കേസ് രജിസ്റ്റർ ചെയ്ത് ട്രാഫിക് പൊലീസ് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. വാഹനം കസ്റ്റഡിയിലെടുത്തു.

അമിതവേഗത്തിൽ വാഹനങ്ങൾ ഓടിക്കുന്നവരെ പിടികൂടാൻ വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കും.

സുരേഷ് കുമാർ

ട്രാഫിക് എസ്.ഐ