
പുനലൂർ: കനത്ത മഴയെ തുടർന്ന് തെന്മല പഞ്ചായത്തിലെ നാഗമല ഉൾവനത്തിൽ ഉരുൾ പൊട്ടി. ജനവാസ മേഖല അല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. എസ്റ്റേറ്റ് റോഡുവഴിയുള്ള ഗതാഗതം മുടങ്ങി.
തിങ്കളാഴ്ച സന്ധ്യയോടെ പെയ്ത ശക്തമായ മഴയെ തുടർന്നാണ് ഉരുൾ പൊട്ടിയതെന്ന് തോട്ടം തൊഴിലാളികൾ പറഞ്ഞു. കഴുതുരുട്ടി-നാഗമല റോഡിലെ പുളിവളവിന് മുകൾ ഭാഗത്തെ വനത്തിലാണ് ഉരുൾ പൊട്ടിയത്. കല്ലും ചെളിയും മണ്ണും ഒഴുകിയെത്തിയതാണ് ഗതാഗതം മണിക്കൂറുകളോളം തടസപ്പെടാൻ കാരണം. മലവെള്ളപ്പാച്ചിലിൽ തോട്ടം മേഖലയാകെ കല്ലും മണ്ണും കൊണ്ട് നിറഞ്ഞു.
തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന എസ്റ്റേറ്റ് മേഖലയിലും അച്ചൻകോവിലിലും രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണ്. ഇതാണ് ഉരുൾ പൊട്ടലിന് കാരണം. തോട്ടം തൊഴിലാളികളും വാഹന യാത്രക്കാരും വിവരം അറിയിച്ചതിനെ സ്ഥലത്തെത്തിച്ച ജെ.സി.ബി ഉപയോഗിച്ച് കല്ലും മണ്ണും ചെളിയും നീക്കം ചെയ്താണ് ഗതാഗതം പുനരാരംഭിച്ചത്.